ബ്രസീലിയൻ ചിത്രം ‘മാലു’വിന് സുവർണ ചകോരം
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിക്ക് പുരസ്കാരം സമ്മാനിച്ചു. സംവിധായകനും നിർമാതാക്കൾക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവർണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ ആത്മബന്ധങ്ങളുടെ കഥ പറയുന്നതാണ് ചിത്രം.
മികച്ച സംവിധായകനുള്ള രജതചകോര പുരസ്കാരത്തിന് ‘മി മറിയം ദ് ചിൽഡ്രൻ ആൻഡ് 26 അതേർസ്’ സിനിമയുടെ സംവിധായകൻ ഫർഷാദ് ഹാഷ്മി അർഹനായി.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്സിന് പുരസ്കാരം ഏറ്റുവാങ്ങി.
സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായിക പായൽ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായ ചടങ്ങിൽ സാസ്കാരിക മന്ത്രി സജി ചെറിയാൻ, റവന്യു മന്ത്രി കെ. രാജൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ് പായൽ കപാഡിയ, ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം, സാംസ്കാരിക ക്ഷേമ നിധി ബോർഡ് ചെയർമാൻ മധുപാൽ, കെഎസ്എഫ്ഡി സി മാനേജിംഗ് ഡയറക്ടർ വി എസ് പ്രിയദർശൻ, ജൂറി ചെയർപേഴ്സൺ ആഗ്നസ് ഗൊദാർഡ്,അർമേനിയൻ സംവിധായകൻ സെർജ് സെർജ് അവെദികിയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടർ സി. അജോയ്, അക്കാഡമി ജനറൽ കൗൺസിൽ അംഗം സോഹൻ സീനു ലാൽ തുടങ്ങിയവർ പങ്കെടുത്തു.