വന്യജീവി ആക്രമണം: ഉന്നതതല യോഗം വിളിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Saturday, December 21, 2024 2:28 AM IST
കൊച്ചി: ജനവാസമേഖലകളില്‍ വന്യജീവികള്‍ കടന്നുകയറി നടത്തുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികള്‍ക്കു രൂപംനല്കാന് റവന്യു, വനം, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വനംവകുപ്പ് മേധാവിയും എറണാകുളം ജില്ലാ കളക്ടറും സംയുക്തമായി വിളിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന് ചെയര്മാൻ റിട്ട. ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. എംപി, എംഎല്‍എമാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം.
യോഗതീരുമാനം വനംവകുപ്പ് മേധാവിയും എറണാകുളം ജില്ലാ കളക്ടറും കമ്മീഷനില്‍ പ്രത്യേകം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ക്ണാചേരി കോടിയാട്ട് എല്‍ദോസ് വര്‍ഗീസ് (45) കൊല്ലപ്പെട്ട സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്
. കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തെയും സമീപകാലത്തു നടന്ന സമാന സംഭവങ്ങളെയും കുറിച്ച് എറണാകുളം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങളുണ്ടാകാനുള്ള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും വിശദമാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
വനംവകുപ്പ് സംസ്ഥാന മേധാവിയും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വന്യമൃഗങ്ങള്‍ കടന്നുപോകുന്ന മേഖലകളില്‍ സോളാര്‍ ഫെന്‍സിംഗും ട്രഞ്ച് നിര്‍മാണവും ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
അപകടകരമായ സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണം. എല്‍ദോസിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
വനംവകുപ്പ് മേധാവി നിയോഗിക്കുന്ന ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും ജില്ലാ കളക്ടര്‍ നിയോഗിക്കുന്ന ആര്‍ഡിഒ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ജനുവരി 23ന് രാവിലെ പത്തിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.