ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ; തുടർനടപടികളിലെ കാലതാമസം വഞ്ചനാപരം: കെസിബിസി ജാഗ്രതാ കമ്മീഷൻ
Friday, October 11, 2024 3:01 AM IST
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികളിൽ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. മുഖ്യമന്ത്രിക്കു മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു.
റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധസ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്കു പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്നു നിർദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിട്ട് ഏഴു മാസം പിന്നിട്ടു.
കമ്മിറ്റിയുടെ പഠനം പുരോഗമിക്കുകയാണെന്ന അവകാശവാദമാണ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നിയമസഭയിൽ ഉന്നയിച്ചത്. അത്യന്തം ഗുരുതരമായ അലംഭാവം തുടർച്ചയായി സംഭവിച്ചിട്ടും പൊള്ളയായ വാദഗതികൾ ആവർത്തിക്കുക മാത്രമാണ് മന്ത്രി ഉൾപ്പെടെ ചെയ്തുവരുന്നത്.
കമ്മീഷൻ റിപ്പോർട്ട് പൂർണമായ രൂപത്തിൽ പുറത്തുവിടണമെന്ന ആവശ്യം ആരംഭം മുതൽ വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടും സർക്കാർ അതിനും തയാറായിട്ടില്ല.
ഈ വിഷയത്തിൽ സർക്കാർ സുതാര്യവും സത്യസന്ധവുമായ നിലപാടുകൾ സ്വീകരിക്കുകയും അടിയന്തരമായ നടപടികൾക്ക് തയാറാകുകയും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയും വേണമെന്നും ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.