കൈക്കൂലി കേസിൽ ഡിഎംഒ അറസ്റ്റിൽ
Thursday, October 10, 2024 1:35 AM IST
തൊടുപുഴ: ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. മനോജ്, ഓഫീസിലെ ഡ്രൈവർ രാഹുൽരാജ് എന്നിവരെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു.
ഗുരുതര ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങി ഇന്നലെ സർവീസിൽ തിരികെ പ്രവേശിച്ചതിനു പിന്നാലെയാണ് കൈക്കൂലിക്കേസിൽ പിടിയിലായത്.
മൂന്നാർ ചിത്തിരപുരത്തെ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇടനിലക്കാരനും ഓഫീസിലെ ഡ്രൈവറുമായ രാഹുൽ രാജിന്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഇയാളെ കോട്ടയത്തു നി ന്നുമാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.
ഹോട്ടൽ ഉടമയിൽ നിന്നും ഒരുലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 75,000 രൂപയായി കുറച്ചു. രാഹുൽരാജിന്റെ അക്കൗണ്ടിലേക്ക് പണം ഗൂഗിൾപേ ചെയ്തുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഗൂഗിൾപേ നന്പറും നൽകി. വിവരം ലഭിച്ച വിജിലൻസ് പണം കൈപ്പറ്റിയ ഉടൻ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.