കെഎസ്ആര്‍ടിസി ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു സ്ത്രീകൾ മരിച്ചു
Wednesday, October 9, 2024 2:06 AM IST
തിരുവമ്പാടി (കോഴിക്കോട് ): പൂല്ലുരാംപാറയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞ് യാത്രക്കാരായ രണ്ടു സ്ത്രീകൾ മരിച്ചു. 45 പേര്‍ക്കു പരിക്കേറ്റു. കോടഞ്ചേരി കണ്ടപ്പഞ്ചാല്‍ വേലംകുന്നേല്‍ വാസുവിന്റെ ഭാര്യ കമല (61), ആനക്കാംപൊയില്‍ പടിഞ്ഞാറക്കര തോയാലില്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (75 ) എന്നിവരാണ് മരിച്ചത്.
തിരുവമ്പാടി ലിസ, ഓമശേരി ശാന്തി, മുക്കം കെഎംസിടി, കോഴിക്കോട് മെഡിക്കല്‍ കോളജ്, മിംസ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴ പാലത്തിനോടു ചേര്‍ന്നുള്ള കലുങ്കില്‍ ഇടിച്ച് ബസ് തലകീഴായി പുഴയിലേക്കു മറിഞ്ഞത്. മുത്തപ്പന്‍പുഴയില്‍നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി വീണ ബസില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ബസ് പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.
ബസിന്റെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് കുത്തനെ വീണതോടെ പിന്‍ഭാഗത്തുണ്ടായിരുന്നവരും മുന്‍ഭാഗത്തേക്ക് തെറിച്ചു വീണു. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ഹൈഡ്രോളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി അടിയില്‍ യാത്രക്കാര്‍ ആരും കുടുങ്ങികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. കാലപ്പഴക്കത്തെത്തുടര്‍ന്ന് പാലത്തിന്റെ കൈവരികള്‍ ദുര്‍ബലമായിരുന്നുവെന്നും ഇത് ഉള്‍പ്പെടെ തകര്‍ത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു
കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞ സംഭവത്തില്‍ ഗതാഗതമന്ത്രി ഗണേഷ്കുമാര് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര റിപ്പോര്‍ട്ട് നല്കാന് കെഎസ്ആര്‍ടിസി സിഎംഡിക്ക് മന്ത്രി നിര്‍ദേശം നല്കി.