രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന് വയനാട് വേദിയാകും
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിനു വയനാട് വേദിയാകും.
കന്നുകാലി ക്ഷീര കാര്‍ഷിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാട് കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നു മന്ത്രി ജെ. ചിഞ്ചുറാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡിസംബര്‍ 20 മുതല്‍ 29 വരെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക. ക്ഷീര കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉത്പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്ക്ലേവാണു വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കന്നുകാലി, ക്ഷീരമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പുതുതലമുറയെ കാര്‍ഷിക വൃത്തിയിലേക്കു നയിക്കാനും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സഹായകമാകും.
മൂല്യ വര്‍ധിത ഉത്പന്നങ്ങളെക്കുറിച്ചും വളര്‍ത്തു മൃഗങ്ങള്‍, പൗള്‍ട്രി, ഡയറി അക്വാഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകള്‍, മാറിവരുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകും കോണ്‍ക്ലേവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടല്‍ ദുരന്ത ശേഷം വയനാട്ടിലെ വിനോദ സഞ്ചാര മേഖലയെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായി ടൂറിസം മേഖലയിലെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് കോണ്‍ക്ലേവ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ.എസ്. അനില്‍ അഭിപ്രായപ്പെട്ടു.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ഡയറക്ടര്‍ പ്രഫ. ഡോ.ടി.എസ്. രാജീവ് പദ്ധതി വിശദീകരിച്ചു. മികച്ച തൊഴില്‍ സാധ്യതയുള്ള ക്ഷീര കന്നുകാലി, മൃഗ പരിപാലന മേഖലയില്‍ ഏകദേശം 25000ത്തില്പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ക്ലേവ് സഹായകമാകുമെന്ന് പ്രഫ. ഡോ. ടി.എസ്. രാജീവ് പറഞ്ഞു. ചടങ്ങില്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ജസ്റ്റിന് ഡേവിസ് നന്ദി പറഞ്ഞു.