വൈദ്യുതി നിരക്കു വർധിപ്പിക്കാൻ കെഎസ്ഇബി ശിപാർശ നൽകിയിട്ടുണ്ട്: മന്ത്രി കെ. കൃഷ്ണൻകുട്ടി
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി നിരക്കു വർധിപ്പിക്കുന്നതിനായുള്ള ശിപാർശ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മുന്പാകെ നൽകിയിട്ടുണ്ടെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.
വൈദ്യുതി നിരക്കിനു നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതി മാറ്റി പ്രതിമാസ ബില്ലിംഗ് ഏർപ്പെടുത്തുന്നതു കെഎസ്ഇബിയുടെ പരിഗണനയിലാണ്. ബില്ലുകൾ നൽകുന്നതിനുള്ള കാലാവധി തീരുമാനിക്കുന്നതു വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിലവിൽ പ്രതിമാസം ബിൽ നൽകാനുള്ള ഒരു നിർദേശവും കമ്മീഷൻ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഉപയോക്താക്കൾക്കു വൈദ്യുതി സ്മാർട്ട് മീറ്ററുകൾ ഘട്ടംഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തിൽ മൂന്നു ലക്ഷം മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നൽകിയിട്ടുണ്ട്. ഇതിൽ സിസ്റ്റം മീറ്ററുകൾ, ഗവണ്മെന്റ് ഉപയോക്താക്കൾ, എച്ച്ടി ആൻഡ് ഇഎച്ച്ടി ഉപയോക്താക്കൾ, വാണിജ്യവിഭാഗം ഉപയോക്താക്കൾ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 2026 മാർച്ചിൽ പൂർത്തിയാകും.
നിലവിൽ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും പുതിയ കണക്ഷൻ നൽകുന്പോഴും മീറ്റർ മാറ്റുന്പോഴും ടിഒഡി മീറ്ററുകളാണു സ്ഥാപിക്കുന്നത്. കേന്ദ്രത്തിന്റെ നിർദേശം അനുസരിച്ചു കാർഷിക ഉപയോക്താക്കൾ ഒഴികെയുള്ള മറ്റ് ഉപയോക്താക്കൾക്ക് അടുത്ത വർഷം ഏപ്രിലിനു മുന്പായി ടിഒഡി താരിഫ് ഏർപ്പെടുത്തണമെന്നാണു വ്യവസ്ഥ.
പ്രതിമാസം 250 യൂണിറ്റിനു മുകളിൽ ഉപഭോഗമുള്ള ഗാർഹിക ഉപയോക്താക്കൾക്കു നടപ്പാക്കുകയാണെങ്കിൽ 2.88 ലക്ഷം മീറ്ററുകൾ മാറ്റേണ്ടിവരും. ഇതിനു 20 കോടി രൂപ ചെലവു വരുമെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.