വീടുകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്കും ലൈസൻസ് അനുവദിക്കും: മന്ത്രി പി. രാജീവ്
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: വീടുകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്കും ലൈസൻസ് അനുവദിക്കുമെന്നു മന്ത്രി പി. രാജീവ്. അഭ്യസ്തവിദ്യരായ യുവതികൾ ഉൾപ്പെടെ നിരവധിപേർ വീടുകളിൽ ഉണ്ട്. ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ യുവത്വത്തെ പരമാവധി സംരംഭകരാക്കുകയാണു സർക്കാർ ലക്ഷ്യം. ഇയർ ഓഫ് എന്റർപ്രണേഴ്സ് പദ്ധതിയിലൂടെ മൂന്നു ലക്ഷം സംരംഭങ്ങളാണു സംസ്ഥാനത്ത് ആരംഭിച്ചത്. 19,600 കോടി രൂപയുടെ നിക്ഷേപം വന്നു.
കൂടുതൽ നിക്ഷേപം ആർജിക്കുന്നതിനാണ് സർക്കാർ ശ്രമം. കേരളത്തിന്റെ സാധ്യതകൾക്കും പൊതുസ്ഥിതിക്കും അനുയോജ്യമായ വ്യവസായങ്ങളാണു സ്വീകരിക്കുന്നത്. തെറ്റായ നയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സർക്കാർ ഇടപെടും.
ഭക്ഷണ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണു കൂടുതൽ നിക്ഷേപം വന്നത്. നെതർലൻഡ്സ്, യുഎസ്എ, യുകെ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ വിപ്രോ ഉൾപ്പെടെയുള്ള കന്പനികളിൽനിന്നും കേരളത്തിലേക്കു നിക്ഷേപം എത്തി.
കോ വാക്സിൻ നിർമാണ കന്പനിയായ ഭാരത് ബയോടെക്കിന്റെ ഫുഡ് പ്രോസസിംഗ് കന്പനി അങ്കമാലിയിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.