കൈസണ്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സി: രമേശ് ചെന്നിത്തല
സ്വന്തം ലേഖകന്‍
Thursday, October 3, 2024 5:55 AM IST
തിരുവനന്തപുരം: വരാനിരിക്കുന്ന മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍നിന്നു പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്നു വിവരം ലഭിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നുകൂടി എന്നാലോചിക്കണം. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശാനുസരമാണ് പിണറായി വിജയന് ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് എന്നതുറപ്പാണ്.
മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളുംവരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത്. മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുകയെന്നത് ബിജെപിയുടെ അജൻഡയാണ്. ആ അജൻഡയാണ് ഇപ്പോള്‍ ഹിന്ദു പത്രത്തില്‍ വന്ന പിണറായി വിജയന്റെ അഭിമുഖത്തിലൂടെ സംഘപരിവാര്‍ നിര്‍വഹിച്ചിരിക്കുന്നത്. ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയന്. ആ മുഖം മിനുക്കാന്‍ ഇനി ഒരു പിആര്‍ ഏജന്‍സിക്കും ആവില്ല.
അന്‍വര്‍ പ്രശ്നം ഒരു കാരണമാക്കി എടുത്ത് മുഖ്യമന്ത്രി സംഘപരിവാര്‍ അജൻഡയാണ് നടപ്പാക്കുന്നത്. പിണറായി വിജയന് മാപ്പു പറഞ്ഞു സ്ഥാനമൊഴിയണം.- രമേശ് ചെന്നിത്തല പറഞ്ഞു.