പകൽസമയത്തു വൈദ്യുതി ചാർജ് കുറയ്ക്കാൻ ആലോചന: മന്ത്രി
Thursday, October 3, 2024 5:55 AM IST
പാലക്കാട്: പകൽസമയത്തു വൈദ്യുതി ചാർജ് കുറയ്ക്കാൻ കഴിയുമോ എന്നുള്ള നിർദേശം വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മുന്നിൽ വയ്ക്കാൻ കെഎസ്ഇബി ആലോചിക്കുന്നുണ്ടെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
പകൽസമയം കുറഞ്ഞവിലയ്ക്കു കിട്ടുന്ന വൈദ്യുതിയുടെ ഒരു വിഹിതം ഉപഭോക്താക്കൾക്കു നൽകാനാണ് ആലോചന. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്നു മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ഇബിയുടെ ആഭിമുഖ്യത്തിൽ എട്ടുവരെ നടത്തുന്ന ഉപഭോക്തൃസേവനവാരാചരണം സംസ്ഥാനതല ഉദ്ഘാടനം കൊല്ലങ്കോട് വസുദേവ് മെമ്മോറിയൽ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമുക്കാവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നു വാങ്ങുന്നതാണ്. പീക്ക് അവറിൽ വൈദ്യുതിയുടെ വില ഒരു യൂണിറ്റിനു 15 രൂപവരെയായി ഉയരുന്നുണ്ട്. ഇത്തരത്തിൽ അധികചെലവ് ഒഴിവാക്കാൻ വൈദ്യുതി ഉത്പാദനമേഖലയിലേക്കു നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. സോളാർമേഖലയിൽ വലിയ സാധ്യതകളാണുള്ളത്. അവ പ്രയോജനപ്പെടുത്തണം. കാർഷികമേഖലയിൽ സോളാർ പദ്ധതികൾക്ക് 60 ശതമാനം സബ്സിഡി നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടെലികോം കമ്പനികൾ അടിക്കടി സേവനനിലവാരം മെച്ചപ്പെടുത്തുന്നതുപോലെ കെഎസ്ഇബിയും സേവനം മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്.- അദ്ദേഹം പറ ഞ്ഞു.