സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയോടു വിശദീകരണം തേടുമെന്നു ഗവര്‍ണര്‍
Thursday, October 3, 2024 5:55 AM IST
കോഴിക്കോട്: സ്വർണക്കടത്തു പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നതു ഗൗരവതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോടു വിശദീകരണം ചോദിക്കും. സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയെന്ന് എപ്പോഴാണ് അദ്ദേഹം അറിഞ്ഞതെന്ന് വ്യക്തമാക്കണം. തന്നിൽനിന്ന് ഇക്കാര്യം മറച്ചുവച്ചു. ഇപ്പോൾ മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തി.
സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കടത്തിയ പണത്തെക്കുറിച്ചും സ്വർണത്തെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞതാണ്. അതിനാൽ വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിയിൽ നിന്ന് ആവശ്യപ്പെടുമെന്നും ഗവർണർ പറഞ്ഞു. ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.