തോമസ് ചെറിയാന്റെ സംസ്കാരം നാളെ ഇലന്തൂരിൽ; മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും
Thursday, October 3, 2024 5:55 AM IST
പത്തനംതിട്ട: ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ ഓടാലിൽ വീട്ടിൽ തോമസ് ചെറിയാന്റെ (പൊന്നച്ചൻ) സംസ്കാരം നാളെ. കരസേനയുടെ ബേസ് ക്യാമ്പായ ചണ്ഡീഗഡിൽ എംബാം ചെയ്ത് വിമാന മാർഗം ഇന്നു വൈകുന്നേരം തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തിക്കുന്ന മൃതദേഹത്തിന് സൈനികർ ഗാർഡ് ഒഫ് ഓണർ നൽകും.
ആംബുലൻസിൽ നാളെ രാവിലെ പത്തോടെ തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരൻ പരേതനായ വിമുക്തഭടൻ തോമസ് മാത്യുവിന്റെ മകൻ ഷൈജു മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും. ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽനിന്നു വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം വീട്ടിലേക്കു കൊണ്ടുവരിക.
തിരുവനന്തപുരത്തുനിന്ന് സൈനിക ഉദ്യോഗസ്ഥർ അനുഗമിക്കും. ഭവനത്തിലെ പൊതുദർശനത്തിനും പ്രാർഥനയ്ക്കും ശേഷം ഉച്ചകഴിഞ്ഞ് ഒന്നോടെ ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടക്കും. സൈനിക ബഹുമതികളോടെയാകും സംസ്കാരം.
ആന്റോ ആന്റണി എംപി ഇന്നലെ തോമസ് ചെറിയാന്റെ വീട്ടിലെത്തി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇന്ന് ഇലന്തൂർ ഒടാലിൽ ഭവനത്തിലെത്തി ബന്ധുക്കളെ കാണും.