ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിൽ; കാലാവധി നീട്ടി നൽകി കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ
Thursday, October 3, 2024 12:23 AM IST
കണ്ണൂർ: രാജ്യത്ത് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെയാക്കുന്ന കാലാവധി നീട്ടി നല്കി കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ ഒന്നുമുതൽ ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ വഴി മതിയെന്നാണു കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടപ്പിലാക്കേണ്ടിയിരുന്നത്.കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരുന്നില്ല. ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിക്കാത്ത സംസ്ഥാനങ്ങൾ കാലാവധി നീട്ടിനല്കാൻ കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. തുടർന്നാണ്, കാലാവധി നീട്ടിയത്.
എട്ടു വർഷം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് രണ്ടുവർഷം കൂടുന്പോഴും എട്ടു വർഷം കഴിഞ്ഞവയ്ക്ക് ഓരോ വർഷവും ഫിറ്റ്നസ് നടത്തണമെന്നാണു നിർദേശം. വ്യക്തികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷത്തിലൊരിക്കൽ രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായും ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്.
നിലവിൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടത്തേണ്ടത്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലുള്ളത്. 38 തലത്തിലുള്ള ഫിറ്റ്നസ് ടെസ്റ്റാണു നടത്തുന്നത്. നിലവിലുള്ളത് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്ന രീതിയാണ്.