നിയമപഠനം മികച്ച സ്ഥാപനത്തിലാക്കാം; ക്ലാറ്റ് 2025 അപേക്ഷ 15 വരെ
ബിബിൻ വർഗീസ്
Thursday, October 3, 2024 12:23 AM IST
രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) - 2025 പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങളുണ്ട്. 24 ദേശീയ സർവകലാശാലകളിലേക്കും മികച്ച ലോ സ്കൂളുകളിലേക്കും പ്രവേശത്തിന് ക്ലാറ്റ് സ്കോർ പരിഗണിക്കും. കേരളത്തിലെ നിയമ സർവകലാശാലയായ നുവാൽസിലും ക്ലാറ്റ് വഴിയാണ് അഡ്മിഷൻ.
ബിരുദതലം
ബിരുദതലത്തിൽ അഞ്ചുവർഷത്തെ, ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ബിഎ എൽഎൽബി (ഓണേഴ്സ്) എല്ലാ സർവകലാശാലകളിലുമുണ്ട്. ബിബിഎ എൽഎൽബി (ഓണേഴ്സ്): ജോധ്പുർ, ഗാന്ധിനഗർ, പട്ന, കട്ടക്, ഔറംഗാബാദ്, ഷിംല. ബിഎസ്സി എൽഎൽബി: ഗാന്ധിനഗർ, കോൽക്കത്ത (ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ്), ഭോപ്പാൽ (സൈബർ സെക്യൂരിറ്റി). ബികോം എൽഎൽബി: ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി. ബിഎസ്ഡബ്ല്യു എൽഎൽബി: ഗാന്ധിനഗർ എന്നിങ്ങനെയാണ് കോഴ്സുകൾ.
ബിരുദാനന്തര ബിരുദ തലം
ഹരിയാന ഒഴികെയുള്ള എല്ലാ സർവകലാശാലയിലും ഒരു വർഷത്തെ എൽഎൽഎം പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.
പ്രവേശന യോഗ്യത
ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാം പ്രവേശനം തേടുന്നവർ, 10, +2/തത്തുല്യപരീക്ഷ, 45 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം.
ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ (പട്ടികവിഭാഗത്തിന് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള, എൽഎൽബി/തത്തുല്യയോഗ്യത വേണം. 2025 ഏപ്രിൽ/മേയ് മാസങ്ങളിൽ, യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് യോഗ്യത തെളിയിക്കണം.
പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷ ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ നടത്തും. കേരളത്തിലും പരീക്ഷയെഴുതാം. പൊതുപ്രവേശന പരീക്ഷയിൽ അഞ്ച് വിഭാഗങ്ങളുണ്ട്. ഇതിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ; 120 മാർക്ക്. തെറ്റൊന്നിന് കാൽ മാർക്ക് കുറയ്ക്കും.
1) ഇംഗ്ലീഷ് ഭാഷ (22-26 ചോദ്യം)
2)ആനുകാലികസംഭവങ്ങളടക്കം പൊതുവിജ്ഞാനം (28-32 ചോദ്യം)
3) ലീഗൽ റീസണിംഗ് (28-32 ചോദ്യം)
4) ലോജിക്കൽ റീസണിംഗ് (22-26 ചോദ്യം)
5) ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് (10-14 ചോദ്യം)
അപേക്ഷ സമർപ്പണം
consortiumofnlus.ac.in വഴി ഒക്ടോബർ 15ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 4000 രൂപ (പട്ടികവിഭാഗക്കാർ/ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ എന്നിവർക്ക് 3500 രൂപ) ഈ സമയപരിധിക്കകം ഓണ്‍ലൈനായി അടയ്ക്കണം. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ 500 രൂപ അധികമായടച്ച് വാങ്ങാം.