ശമ്പളബിൽ ഉത്തരവ് എയ്ഡഡ് മേഖലയെ തകർക്കാൻ: കെപിഎസ്ടിഎ
Thursday, October 3, 2024 12:23 AM IST
പാലക്കാട്: ശമ്പളബിൽ മാറുന്നതിനു വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർസൈൻ ചെയ്യണമെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നു കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ട്രഷറികൾ ഡിജറ്റൈസ് ചെയ്ത്, സ്ഥാപനമേധാവികൾ നേരിട്ടു ശമ്പളബില്ലുകൾ സമർപ്പിച്ചു പാസാക്കിയെടുക്കാനുള്ള സാഹചര്യം ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തിൽ ഉണ്ടായതാണ്. സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകർക്കു സമയത്തു ബില്ലുകൾ മാറിയെടുക്കാൻ ഇതുവരെ സാധിച്ചിരുന്നു. കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവിലൂടെ പ്രധാനാധ്യാപകരുടെ അധികാരപരിധികളാണ് സർക്കാർ ഇല്ലാതാക്കിയത്.
എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിതനീക്കത്തിൽനിന്ന് സർക്കാർ അടിയന്തരമായി പിൻമാറണമെന്നും പൊതുവിദ്യാഭ്യാസമേഖലയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ എൻ. രാജ്മോഹൻ, കെ. രമേശൻ, ബി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.