പൂരത്തിനിടെ ആർഎസ്എസ്-സിപിഎം കൂടിക്കാഴ്ച ; ഗുരുതര ആരോപണവുമായി സിപിഐ മണ്ഡലം സെക്രട്ടറി
Wednesday, October 2, 2024 4:10 AM IST
തൃശൂർ: പൂരത്തിനിടെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി സിപിഎം നേതാവ് കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി സിപിഐ നേതാവ്. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷിന്റെ വിമർശനം. അതേസമയം, കമ്മിറ്റിയിൽ നടത്തിയ വിമർശനം മാധ്യമങ്ങൾക്കു ചോർന്നതിൽ നേതാക്കൾക്ക് അമർഷമുണ്ട്.
പൂരത്തിന്റെ സമയത്ത് സിപിഎം ജില്ലാ കമ്മിറ്റിയംഗവും സഹകരണബാങ്ക് പ്രശ്നങ്ങളിൽ വിവാദങ്ങളുടെ കേന്ദ്രവുമായ നേതാവ് ആർഎസ്എസ് നേതാവുമായി ചർച്ചനടത്തിയെന്നാണ് ആരോപണം. ഇടതുമുന്നണിയിൽ ഇക്കാര്യം ഉന്നയിക്കണമെന്നും സുമേഷ് ആവശ്യപ്പെട്ടു.
മന്ത്രി കെ. രാജനടക്കം പങ്കെടുത്ത യോഗത്തിലാണു രൂക്ഷവിമർശനമുയർന്നത്. തൃശൂർ പൂരം കലക്കിയതിൽ ആർക്കെങ്കിലും രാഷ്ട്രീയനേട്ടമുണ്ടായിട്ടുണ്ടോ എന്നതു പരിശോധിക്കണമെന്നു നേരത്തേ ലോക്സഭാ ഇടതുസ്ഥാനാർഥികൂടിയായിരുന്ന വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെചുവടുപിടിച്ചാണ് ബിജെപിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന വിമർശനം സിപിഐയുടെ ജില്ലാ കമ്മിറ്റിതലത്തിൽ ഉയർന്നത്.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ജയസാധ്യതയുണ്ടായിരുന്നു. എന്നാൽ, പൂരത്തിനിടെയുണ്ടായ പ്രതിസന്ധി ബാധിച്ചു. പൂരക്കാലത്ത് ആർഎസ്എസ് നേതാക്കൾ തൃശൂരിൽ ക്യാന്പ് ചെയ്തിരുന്നു.
പെരുമാറ്റച്ചട്ടം നിലനിന്ന സാഹചര്യത്തിൽ പോലീസിനെ ഉപയോഗിച്ച് ആസൂത്രിതമായി പൂരം കലക്കി, ജനവികാരം സർക്കാരിനും ഇടതുമുന്നണിക്കും എതിരാക്കുകയും ബിജെപി സ്ഥാനാർഥിയെ രക്ഷകനാക്കി അവതരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.
പൂരംസമയത്ത് എഡിജിപിയും ആർഎസ്എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്ന വിവാദം കത്തിനിൽക്കുന്പോഴാണു സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ ആരോപണം ഉയരുന്നത്. പൂരം സമയത്ത് എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്നും മന്ത്രിമാരടക്കം വിളിച്ചിട്ടും ഫോണ് എടുത്തില്ലെന്നും ആരോപണമുണ്ട്.
ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഏറെ സമ്മർദത്തിനൊടുവിലാണു പുറത്തുവിട്ടത്. ഈ റിപ്പോർട്ട് തള്ളിയ ഡിജിപി വിശദ അന്വേഷണം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ആഭ്യന്തരവകുപ്പ് സെക്രട്ടറിയും തുടരന്വേഷണത്തിനു ശിപാർശ ചെയ്തു.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദേശിച്ച അന്വേഷണറിപ്പോർട്ട് വൈകിയതിൽ സിപിഐ കടുത്ത അമർഷം അറിയിച്ചിരുന്നു. പിന്നീടാണ് തിരക്കിട്ട് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ, സ്വയം വെളുപ്പിച്ച് ന്യായീകരിച്ചായിരുന്നു എഡിജിപിയുടെ റിപ്പോർട്ട്.