ബിഎസ്സി നഴ്സിംഗ് പ്രവേശനം; 80% മാർക്ക് വാങ്ങിയവരും പുറത്ത്
Wednesday, October 2, 2024 4:10 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയെഴുതി 80 ശതമാനത്തിൽ കൂടുതൽ മാർക്കോടെ പാസാകുന്ന വിദ്യാർഥികൾ പോലും ബിഎസ്സി നഴ്സിംഗ് പ്രവേശനം ലഭിക്കാതെ പുറത്തു പോകുന്നു.
ഏറെ കാത്തിരുന്ന് മികച്ച ഉപരിപഠനം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കാണ് തങ്ങളുടെ ഇഷ്ടപഠന മേഖല തെരഞ്ഞെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നത്. ഇതിനു പ്രധാന കാരണം സംസ്ഥാനത്തെ നഴ്സിംഗ് സീറ്റുകളുടെ അപര്യാപ്തതയാണ്. രാജ്യത്തുതന്നെ നഴ്സിംഗ് പഠനം നടത്തുന്നതിൽ ഏറ്റവുമധികം വിദ്യാർഥികൾ മലയാളികളാണ്.
സംസ്ഥാനത്ത് നഴ്സിംഗ് മേഖലയിലേക്ക് എത്തുന്ന വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നതായി കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ൽ സംസ്ഥാനത്ത് അപേക്ഷകർ 60,000 ആയിരുന്നത് 2024 ആയപ്പോൾ 67,000 ആയി ഉയർന്നു. അപ്പോഴും നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അധികാരികളുടെ ഭാഗത്തു നിന്നും കൃത്യമായ നടപടികൾ ഒന്നുമുണ്ടാവുന്നില്ലെന്നാണു വിദ്യാർഥികളും രക്ഷിതാക്കളും ഒരേ പോലെ അഭിപ്രായപ്പെടുന്നത്.
കേരളത്തിൽ പ്രവേശനം ലഭിക്കാതെ വരുന്ന വിദ്യാർഥികളാണ് കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നഴ്സിംഗ് പഠനത്തിനായി പോകേണ്ടി വരുന്നത്.
ഹയർ സെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉൾപ്പെടുന്ന സയൻസ് ബാച്ച് എടുത്ത് പഠനം നടത്തുന്ന വിദ്യാർഥികൾ പ്രധാനമായും ലക്ഷ്യമിടുന്നതു നഴ്സിംഗ് മേഖലയാണ്. രണ്ടു വർഷം കഠിന പശിശ്രമം നടത്തി ഹയർ സെക്കൻഡറിയിൽ മികച്ച മാർക്കോടെ വിജയം നേടിയിട്ടും ബിഎസ്സി നഴ്സിംഗിന് പ്രവേശനം ലഭിക്കാതെ വരുന്നതോടെ വിദ്യാർഥികൾ കടുത്ത മാനസിക സംഘർഷത്തിലുമാകുന്നു.
ഹയർ സെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുടെ മാർക്ക് അടിസ്ഥാനപ്പെടുത്തി നോർമലൈസേഷൻ പ്രക്രിയയിലൂടെയാണു പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക തയാറാക്കുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നഴ്സിംഗ് പ്രവേശനം നേടുന്ന പല വിദ്യാർഥികളും ക്രൂരമായ റാഗിംഗിന് ഉൾപ്പെടെ വിധേയമാകുന്ന നിരവധി സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലെങ്കിലും സംസ്ഥാനത്ത് ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിനു കൂടുതൽ അവസരം ഒരുക്കണമെന്നതാണ് പ്രധാന ആവശ്യം.