മാമി തിരോധാന കേസില്‍ സിബിഐ അന്വേഷണം ഇല്ല
Wednesday, October 2, 2024 4:10 AM IST
കൊച്ചി: കോഴിക്കോട്ടെ മാമി എന്ന മുഹമ്മദ് ആട്ടൂറിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ റംലത്ത് നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷിച്ചുവരികയാണെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നടപടി.
മാമിയുടെ തിരോധാനത്തില്‍ കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി കഴിഞ്ഞമാസം ഏഴിന് ഉത്തരവിറക്കിയ കാര്യം സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു. റേഞ്ച് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ എസ്പി യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം.