ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്
Wednesday, October 2, 2024 4:10 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ഒളിവുജീവിതം അവസാനിപ്പിച്ച് നടന് സിദ്ദിഖ്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഒരാഴ്ചയിലധികമായി ഒളിവില്‍ തുടര്‍ന്നിരുന്ന സിദ്ദിഖ് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. എറണാകുളം നോര്‍ത്തിലെ അഡ്വ. ബി. രാമന്‍പിള്ളയുടെ ഓഫീസിലെത്തിയ സിദ്ദിഖ് മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
അതേസമയം, സിദ്ദിഖ് പുറത്തുവന്നിട്ടും പ്രത്യേക അന്വേഷണസംഘം നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലടക്കം ഉദാസീനത കാണിക്കുകയാണെന്ന് ആരോപണമുണ്ട്. എന്നാല്‍, നോട്ടീസ് നല്‍കിയശേഷം ചോദ്യം ചെയ്യലിനു വിളിപ്പിക്കാമെന്ന നിലപാടിലാണ് അന്വേഷണസംഘം.
ഒളിവില്‍പ്പോയ സിദ്ദിഖിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. ഇതിനിടയിലും സിദ്ദിഖ് കൊച്ചിയിലുണ്ടെന്നും അന്വേഷണസംഘം നടനെ സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.