നഴ്സുമാരുടെ സംഘടന സമരത്തിലേക്ക്
Wednesday, October 2, 2024 4:10 AM IST
തൃശൂർ: സംസ്ഥാനത്തെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് വീണ്ടും സമരത്തിലേക്ക്. ശന്പളപരിഷ്കരണം നടപ്പിലാക്കാൻ കഴിഞ്ഞ രണ്ടുവർഷമായി സമരങ്ങൾ നടത്തിയിട്ടും പുതിയ മിനിമം വേതനം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
മിനിമം വേതനം 40,000 രൂപയാക്കണം എന്നാണ് ആവശ്യം. 2023 ജനുവരി 23 നാണു ഹൈക്കോടതി പുതുക്കിയ മിനിമം വേതനം മൂന്നുമാസത്തിനകം പ്രഖ്യാപിക്കണമെന്നു പറഞ്ഞിരുന്നത്.
എന്നാൽ ഹൈക്കോടതി ഉത്തരവ് മുഖവിലയ്ക്കെടുക്കാതെ 20 മാസക്കാലമായി സർക്കാർ ശന്പളപരിഷ്കരണം നീട്ടിക്കൊണ്ടുപോകുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സമരത്തിലേക്കു നീങ്ങുന്നതെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
ഇന്നു രാവിലെ 11 നു നളിനം ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ കൗണ്‍സിൽ യോഗം ചേരും. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ യോഗം ഉദ്ഘാടനം ചെയ്യും.