മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം വിവാദം പത്രത്തിനു കത്തു നൽകി ഓഫീസ്; ഖേദം പ്രകടിപ്പിച്ച് പത്രം
Wednesday, October 2, 2024 4:10 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതിനു പിന്നാലെ അഭിമുഖത്തിലെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നു കാട്ടി ഹിന്ദു പത്രത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് കത്തു നൽകി.
പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും ഇതു വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ല. ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പത്രത്തിന്റെ എഡിറ്റർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പറഞ്ഞു.
വിവാദം അവസാനിപ്പിക്കാൻ പത്രം വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിന്നാലെ പത്രം ഖേദപ്രകടനം നടത്തി.
മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തുന്പോൾ പിആർ ഏജൻസിയുടെ രണ്ടു പ്രതിനിധികൾ ഉണ്ടായിരുന്നു എന്നും അവരിൽ ഒരാൾ അഭിമുഖത്തിനു ശേഷം രേഖാമൂലം നൽകിയ വാചകമാണ് അഭിമുഖത്തിന്റെ ഭാഗമായി നൽകിയതെന്നും പത്രം വിശദീകരിച്ചു.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിലാണ് ഇത് ഏജൻസിക്കാർ എഴുതി നൽകിയത്. ഇത് അഭിമുഖത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയ്ക്കു നിരക്കാത്തതും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു. അതിനാൽ ഈ വീഴ്ചയിൽ ഖേദിക്കുന്നുവെന്നും പത്രം അറിയിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഏറെ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായത്. മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല അഭിമുഖത്തിലെ വരികളിലുള്ളത്. കള്ളക്കടത്തു സ്വർണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു എന്നാണു മുഖ്യമന്ത്രി ഉദ്ദേശിച്ചത്.
മലപ്പുറത്തു സ്വർണക്കടത്തു നടക്കുന്നുവെന്നും അതു ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുമായിരുന്നു അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരേ കോണ്ഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരുന്നു.