പി. ശശിക്കെതിരേയുള്ള പരാതി പുറത്തുവിട്ട് പി. വി. അൻവർ
Wednesday, October 2, 2024 4:10 AM IST
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിക്കു കൈമാറിയ പരാതി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് പി.വി. അന്‍വര്‍ എംഎല്‍എ.
കരിപ്പുര്‍ വിമാനത്താവളം വഴി കടത്തികൊണ്ടുവരുന്ന സ്വര്‍ണം എയര്‍പോര്‍ട്ട് പരിസരത്തുനിന്നു പിടികൂടി കസ്റ്റംസിനു കൈമാറാതെ പോലീസുകാര്‍ കൈക്കലാക്കുന്നതു സംബന്ധിച്ച് പി. ശശി അറിയാത്തതു വിശ്വസിക്കാനാകില്ലെന്നു പരാതിയില്‍ പറയുന്നു. രാത്രി 11നു ശേഷം വിമാനത്താവള പരിസരത്തെ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന അലിഖിത നിയമം നടപ്പാക്കുന്നതിലും ശശിക്കു പങ്കുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായെത്തുന്ന സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ ശശി വാങ്ങിവയ്ക്കാറുണ്ട്. കേസന്വേഷണം എങ്ങനെ പോകുന്നുവെന്നു പ്രത്യേക താത്പര്യത്തോടെ അവരോട് അന്വേഷിച്ചിരുന്നു. പരാതിക്കാരായ ചിലരോടു ശൃംഗാരഭാവത്തില്‍ സംസാരിച്ചതോടെ അദ്ദേഹത്തിന്റെ ഫോണ്‍കോളുകള്‍ പലരും എടുക്കാതെയായി.
അദ്ദേഹം സ്ഥാനത്തു തുടര്‍ന്നാല്‍ നാണക്കേടുണ്ടാകും. യൂട്യൂബ് ചാനല്‍ ഉടമയ്ക്കെതിരായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എഡിജിപി രണ്ടു കോടി കൈക്കൂലി വാങ്ങി. ഒരുകോടി രൂപ യൂറോ ആയി വിദേശത്തുള്ള സുഹൃത്തിനു കൈമാറി. ശശിയെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുത്തില്ല.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് നീതി ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണമാണു വേണ്ടതെന്ന് എഡിജിപി പരാതിക്കാരിയോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യമുന്നയിച്ച് അവര്‍ സര്‍ക്കാരിനു കത്ത് നല്കി.
തുടര്‍ന്ന് മൊഴികളില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ എഡിജിപി ആവശ്യപ്പെട്ടതായും ശശി ചില ഘട്ടങ്ങളില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു. പരാതിക്കാരിയുടെ അമ്മയും മകനും ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞെത്തിയപ്പോള്‍ കാണാന്‍ അനുവദിച്ചില്ലെന്നും കത്തിലുണ്ട്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പോലീസ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച എഡിജിപിയെ ശശി സംരക്ഷിക്കുകയാണോയെന്നു പരിശോധിക്കണം. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍നിന്ന് 10 ലക്ഷം വില വരുന്ന സ്റ്റീല്‍ റോപ്പ് കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം നടന്നില്ല. യൂട്യൂബ് ചാനല്‍ വിഷയത്തില്‍ ഇടപെടുന്ന സമയത്താണ് ശശിയുമായുള്ള ബന്ധം വഷളായത്. ഇതിലുള്ള വൈരാഗ്യമാണു കാരണമെന്നാണു കത്തിലുള്ളത്.
"പിണറായി ആര്‍എസ്എസ് ചങ്ങാത്തത്തിന് ശ്രമിക്കുന്നു'
നിലമ്പൂര്‍: കാര്യങ്ങളെ തെറ്റായി അപഗ്രഥനം ചെയ്ത് പിണറായി ആര്‍എസ്എസ് ചങ്ങാത്തത്തിനു ശ്രമിക്കുന്നുവെന്നു പി.വി. അന്‍വര്‍ എംഎല്‍എ. ""യാഥാര്‍ഥ്യം കാണാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. അതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് ദിനപത്രത്തിനു നല്കിയ അഭിമുഖം. പിണറായിയുടെ രീതി മാറിയെന്ന് ആര്‍എസ്എസ് നേതൃത്വത്തിനു തോന്നണം. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചല്ല, അന്‍വറിനു വിവരങ്ങള്‍ നല്കിയവരെക്കുറിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടക്കുന്നത്’’.-അൻവർ പറഞ്ഞു.
അതേസമയം, പാര്‍ട്ടി സെക്രട്ടറിക്കു നല്കിയ കത്ത് അന്‍വര്‍ ഇന്നലെ പുറത്തു വിട്ടു. സ്വന്തം ഫേസ്ബുക്ക് പേജില്‍ അന്വര്തന്നെയാണു പരാതി പുറത്തുവിട്ടത്. പി.ശശിക്കും എഡിജിപി എം.ആര്. അജിത്കുമാറിനും എതിരേ അതീവഗുരുതരമായ ആരോപണങ്ങളും അതിരൂക്ഷമായ വിമര്‍ശനവുമാണു പരാതിയിലുള്ളത്.
ആരു പറഞ്ഞാലും മാറാന്‍ കഴിയുന്ന അവസ്ഥാവിശേഷത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.വി.അന്‍വര്‍ എംഎല്‍എ പറഞ്ഞു. എടവണ്ണ ഒതായിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അന്‍വര്‍.
""മുഖ്യമന്ത്രിയുടെ സാഹചര്യം അതാണ്. എന്നെ വിമര്‍ശിച്ച മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ്കുട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന്റെവക്താവാണ്. മുസ്ലിം പ്രീണനമല്ല, പോലീസ് നയമാണു ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം.
പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞാലും പിണറായി മാറുമെന്ന് വിചാരിക്കുന്നില്ല. പിണറായി പറയുന്ന കാര്യങ്ങളെ മാറുന്ന സിപിഎം സമീപനത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. മാറുന്ന പിണറായിയുടെ രീതിയായേ കാണാന്‍ കഴിയൂ.
കഴിഞ്ഞ ഒന്നര വര്‍ഷമായി പിണറായിയുമായി ബന്ധപ്പെട്ട് ഈ രീതിയാണു കാണുന്നത്. മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്നു വരുത്തുക പിണറായിയുടെ തീരുമാനമാണ്. അതിന് മലപ്പുറം ജില്ലാ സെക്രട്ടറി പൂര്‍ണ പിന്തുണ അറിയിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ പ്രതികളുടെയും എഫ്ഐആറിന്റെയും എണ്ണം വര്‍ധിപ്പിച്ചു. ദേശീയതലത്തില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ക്രിമിനല്‍ കേസുകളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചതായി കാണിക്കും. ജില്ലയില്‍ മുസ്ലിംകളാണു കൂടുതല്‍. പ്രശ്നങ്ങള്‍ക്കു കാരണം മുസ്ലിംകളാണെന്നു വരും. ഒരു ജനാധിപത്യ നീതിയും മലപ്പുറം ജില്ലയില്‍ ഉണ്ടായിട്ടില്ല.
സിപിഎം വലിയ തെറ്റിദ്ധാരണയിലാണ്’’- അന്‍വര്‍ പറഞ്ഞു. അമിത മുസ്ലിം പ്രീണനമാണു ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്നാണു പാര്‍ട്ടി വിലയിരുത്തല്‍. തെറ്റായ വിലയിരുത്തലാണത്. പോലീസ് നയമാണ് എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്.
കേരളത്തിലെ ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കിയത് പോലീസാണ്. പാര്‍ട്ടി അതിനെക്കുറിച്ച് പഠിക്കുന്നില്ല. കമ്യൂണിസ്റ്റുകാരന് സ്റ്റേഷനില്‍ ചെന്നാല്‍ രണ്ട് അടി അധികം കിട്ടും. മലപ്പുറത്തെ 40,000 കേസ് പോലീസ് ബുക്ക് ചെയ്തതാണോ മുസ്ലിം പ്രീണനമെന്ന് അന്‍വര്‍ ചോദിച്ചു.