എഡിജിപിക്കെതിരേ അന്വേഷണം ആരംഭിച്ചെന്നു വിജിലൻസ്
Wednesday, October 2, 2024 4:10 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം ആരംഭിച്ചെന്ന് പ്രത്യേക വിജിലൻസ് സംഘം കോടതിയെ അറിയിച്ചു.
അജിത്കുമാറിനും പി. ശശിക്കും എതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ സ്വകാര്യ ഹർജി പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാര പരിഗണിക്കവേയാണു വിജിലൻസ് സംഘം നിലപാടു വ്യക്തമാക്കിയത്.
അജിത്കുമാറിനെതിരേ ഹജിക്കാരൻ ഉന്നയിച്ചതടക്കമുളള വിവിധ ആരോപണങ്ങൾ സർക്കാർ നിർദേശത്തെത്തുടർന്ന് അന്വേഷിക്കുകയാണെന്നു വിജിലൻസ് സംഘം കോടതിയെ ധരിപ്പിച്ചു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് ഡിസംബർ 10നു നൽകാൻ കോടതി വിജിലൻസിനു നിർദേശം നൽകി. ഈ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാകും സ്വകാര്യ ഹർജിയിൽ കോടതി തീരുമാനമെടുക്കുക.
നിലവിൽ പി. ശശിക്കെതിരേ വിജിലൻസ് അന്വേഷണം നടക്കുന്നില്ല. നേരിട്ട് അറിവുള്ള കാര്യങ്ങളാണോ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളതെന്നു ഹർജിക്കാരനായ അഡ്വ. പി. നാഗരാജനോടു കോടതി ചോദിച്ചു.
ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയ പി.വി. അൻവറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ പരിശോധിക്കുന്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആരോപണങ്ങളെക്കുറിച്ചു കേട്ടറിവേ ഉള്ളൂ എന്ന ഹർജിക്കാരന്റെ മറുപടി കോടതിക്കു തൃപ്തികരമായില്ല.
എം.ആർ. അജിത്കുമാർ ഭാര്യാസഹോദരനുമായി ചേർന്ന്, സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി. ശശി എഡിജിപിയെ വഴിവിട്ടു സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.