വാണിജ്യ സിലിണ്ടറിന് `48 വര്‍ധിച്ചു
Wednesday, October 2, 2024 4:10 AM IST
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചു. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48 രൂപയാണു വര്‍ധിച്ചത്. ഇന്നലെ മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വന്നു.
കൊച്ചിയില്‍ 1749 രൂപയാണ് പുതുക്കിയ വില. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലവര്‍ധനയാണ് ആഭ്യന്തര എല്‍പിജി വില കൂടാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില വര്‍ധനയില്ല.
19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകള്‍ക്കു പുറമേ അഞ്ചു കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകളുടെ വിലയില്‍ ഇന്നുമുതല്‍ 12 രൂപയുടെ വര്‍ധനയുണ്ടാകും. കഴിഞ്ഞ മാസം ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. അന്ന് 19 കിലോഗ്രാം സിലിണ്ടറിന് 39 രൂപയാണു വര്‍ധിപ്പിച്ചത്.