അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും തിരിച്ചു പോകണമെന്ന് മാർ ബോസ്കോ പുത്തൂർ
Wednesday, October 2, 2024 4:10 AM IST
കൊച്ചി: അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെനിന്ന് എത്രയും വേഗം തിരിച്ചുപോകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു.
അനുവാദമില്ലാത്ത യോഗങ്ങൾക്കും പ്രകടനങ്ങൾക്കും ആസ്ഥാനം വേദിയാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. വെള്ളിയാഴ്ച അതിരൂപത ആസ്ഥാനത്ത് എത്തിയവരിൽ ഒരു വിഭാഗം വിവിധ പ്രതിഷേധ പ്രകടനങ്ങളും മറ്റുമായി അവിടെത്തന്നെ തുടരുന്നതിനാൽ അതിരൂപത കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിശ്ചലമായിരിക്കുകയാണ്.
പല തരത്തിലുള്ള ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. സന്ധിയില്ലാത്ത സമരങ്ങളിലൂടെയല്ല സഭാ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണേണ്ടത്.
പ്രശ്ന പരിഹാരത്തിനുള്ള പരിശ്രമങ്ങളും അധികാരികളോടുള്ള അനുസരണവും പ്രാർഥനയുമാണ് നമ്മുടെ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും മാർ ബോസ്കോ പുത്തൂർ ഓർമിപ്പിച്ചു.