പ്രഫ. സാബു തോമസ്, ഡോ. രാധാകൃഷ്ണന്, ഡോ. ശ്രീകല വീണ്ടും സ്റ്റാന്‍ഫഡ് റാങ്കിംഗില്‍
Wednesday, October 2, 2024 4:10 AM IST
കോട്ടയം: അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള പ്രസിദ്ധീകരണ കമ്പനിയായ എല്സേവ്യറും ചേര്‍ന്ന് തയാറാക്കിയ ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ 2024ലെ പട്ടികയില്‍ എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, സര്‍വകലാശാലയിലെ അധ്യാപകരായ ഡോ. ഇ.കെ. രാധാകൃഷ്ണന്, ഡോ. എം.എസ്. ശ്രീകല എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.
പ്രബന്ധങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സ്വീകാര്യത, നിലവാരം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പോളിമെര്‍ സയന്‍സ്, നാനോസയന്‍സ്, നാനോടെക്നോളജി മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രൊഫ. സാബു തോമസ് തുടര്‍ച്ചയായി അഞ്ചാം തവണയാണ് പട്ടികയില്‍ ഇടം നേടുന്നത്.
തുടര്‍ച്ചയായി നാലാം തവണ ഈ അംഗീകാരം നേടുന്ന ഡോ. ശ്രീകല സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ അസോസിയേറ്റ് പ്രഫസറാണ്. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ബയോ സയന്‍സില്‍ അസോസിയറ്റ് പ്രഫസറായ ഡോ. ഇ.കെ. രാധാകൃഷ്ണന് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.