പശുക്കളെ വാങ്ങാൻ സബ്സിഡി
Wednesday, October 2, 2024 4:10 AM IST
പറവൂർ: കന്നുകാലികൾക്കുള്ള സമ്പൂർണ ഇൻഷ്വറൻസ് പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും അതിനായി 68 കോടി രൂപയുടെ സഹായം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി.
എൻഡിഡിബിയുടെ സഹായത്തോടെ മിൽമ എറണാകുളം മേഖലാ യൂണിയൻ 50,000 ക്ഷീരകർഷകർക്കു നൽകുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അതിദരിദ്രർക്ക് പശുക്കളെ വാങ്ങാൻ 95,000 രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതിയും നടപ്പാക്കും. എല്ലാ ജില്ലയിലും കിടാരി പാർക്കുകൾ തുടങ്ങും. കാലിത്തീറ്റയിൽ മായം കലർത്തുന്ന കമ്പനികൾക്കെതിരേ കർശന നിയമം കൊണ്ടുവരും.
മായം കലർന്ന കാലിത്തീറ്റ കഴിച്ചു കന്നുകാലികൾ ചാകുന്ന സംഭവമുണ്ടായാൽ അത്തരം കമ്പനികളെ നിരോധിക്കും. കന്നുകാലി ചാകുന്നതുമൂലം കർഷകന് ഉണ്ടാകുന്ന നഷ്ടം സർക്കാർ നൽകുന്നതിന് നിയമത്തിൽ വ്യവസ്ഥ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മികച്ച ക്ഷീര കർഷകർക്കുള്ള സ്റ്റീൽ പാൽപാത്ര സമ്മാന വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയൻ വികസിപ്പിച്ച ഇ-വെറ്റ് ആപ്ലിക്കേഷന്റെ ലോഞ്ചിംഗ്, ചടങ്ങിൽ അധ്യക്ഷനായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഹൈബി ഈഡൻ എംപി ഡിവിഡന്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബീന ശശിധരൻ, ഉപാധ്യക്ഷൻ എം.ജെ. രാജു, മിൽമ മേഖലാ ചെയർമാൻ എം.ടി. ജയൻ, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട്, റോണി മാത്യു, ജോൺ തെരുവത്ത്, അനു വട്ടത്തറ എന്നിവർ പ്രസംഗിച്ചു.