ആകുലത അറിയിച്ച് മുനമ്പം
Wednesday, October 2, 2024 4:10 AM IST
കൊച്ചി: മുനമ്പത്തെ വഖഫ് അവകാശവാദവുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കോട്ടപ്പുറം രൂപത, ഭൂസംരക്ഷണസമിതി പ്രതിനിധികൾ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) നിവേദനം നൽകി.
ബംഗളൂരു എംജി റോഡിലെ താജ് ഹോട്ടലിൽ നടന്ന കമ്മിറ്റിയുടെ സിറ്റിംഗിൽ പ്രതിനിധികൾ പ്രശ്നം വിശദമായി അവതരിപ്പിച്ചു. ജെപിസി ചെയർമാൻ ജഗദാംബിക പാൽ എംപിക്ക് കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, കടപ്പുറം വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ആന്റണി തറയിൽ, ഭൂസംരക്ഷണ സമിതി കോ-ഓർഡിനേറ്റർ ജോസഫ് ബെന്നി, ജെയ്സൻ ആദപ്പിള്ളി എന്നിവർ ചേർന്ന് നിവേദനം കൈമാറി.
ഇതിനിടെ, ജെപിസി അംഗം അപരാജിത സാരംഗി എംപി മുനന്പം കടപ്പുറം പ്രദേശത്ത് ഇന്നലെ സന്ദർശനം നടത്തി. വഖഫ് ബോർഡിന്റെ അവകാശവാദത്തെത്തുടർന്ന് മുനമ്പത്തെ 600 കുടുംബങ്ങൾ കുടിയിറക്കു ഭീഷണി നേരിടുന്ന വിഷയം ഗൗരവമായി കാണുന്നുവെന്ന് അവർ പറഞ്ഞു.
പ്രദേശവാസികളുമായും സമരസമിതി നേതാക്കളുമായും എംപി ആശയവിനിമയം നടത്തി. സമിതി നേതാക്കൾ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് എംപിക്കു നിവേദനം കൈമാറി. ബിജെപി നേതാക്കളായ ഷോൺ ജോർജ്, എസ്. സുരേഷ്, കെ.എസ്. ഷൈജു തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, വഖഫ് സംരക്ഷണത്തിനു വിഘാതം സൃഷ്ടിക്കുന്നതാണ് നിർദിഷ്ട വഖഫ് ഭേദഗതി ബില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന വഖഫ് ബോർഡ് ജെപിസി ചെയർമാൻ ജഗദാംബിക പാൽ എംപിക്കു നിവേദനം നൽകി. ചെയർമാൻ അഡ്വ. എം.കെ. സക്കീറിന്റെ നേതൃത്വത്തിലാണു നിവേദനം നൽകിയത്.