നടന് നിവിന്‍ പോളിയെ എസ്ഐടി ചോദ്യം ചെയ്തു
Wednesday, October 2, 2024 4:10 AM IST
കൊച്ചി: ദുബായില്‍ വച്ചു ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ നടന് നിവിന്‍ പോളിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്തു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് കഴിഞ്ഞദിവസമായിരുന്നു ചോദ്യംചെയ്യൽ. പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിലും പോലീസ് മൊഴി രേഖപ്പെടുത്തി.
തനിക്കെതിരായ പീഡന പരാതിയില്‍ ഗൂഢാലോചനയടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിന്‍ പോളി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഈ രണ്ടു പരാതികളുടെയും അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ ചോദ്യംചെയ്യല്‍. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് നിവിന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നതിനുള്ള രേഖകൾ നിവിന്‍ എസ്ഐടിക്ക് കൈമാറിയതായാണു വിവരം.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു 2023 ഡിസംബര്‍ 14, 15 തീയതികളില്‍ ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ പരാതി. നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറു പ്രതികളാണുള്ളത്.
കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള നിവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.
യുവതിയെ തൃശൂര്‍ സ്വദേശിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് പരാതി.
മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.
കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. കേസില്‍ നിവിന്‍ പോളി ആറാം പ്രതിയാണ്.