കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി
Wednesday, October 2, 2024 4:10 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: കൃഷിവകുപ്പ് കര്‍ഷകര്‍ക്കു നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ രജിസ്ട്രേഷന് തുടങ്ങി. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 567 പേരാണ്. ഇതില്‍ ഒരു ട്രാന്‍സ്ജെന്ററും 19 സ്ത്രീകളും ഉള്‍പ്പെടെ 166 പേര്‍ക്ക് കാര്‍ഡ് അനുവദിച്ചു. ശേഷിക്കുന്നവരുടെ നടപടി പുരോഗമിക്കുന്നു.
കൂടുതല്‍ അപേക്ഷകര്‍ എറണാകുളം ജില്ലയിലാണ്. 156 പുരുഷന്മാരും 34 സ്ത്രീകളും ഉള്‍പ്പെടെ 190 പേര്. ഇതില്‍ 149 കാര്‍ഡ് അനുവദിച്ചു. ഏറ്റവും കുറവ് കൃഷിയില്‍ മുന്നിലുള്ള വയനാട്ടിലാണ്. എട്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ ഒന്‍പത് അപേക്ഷകള്‍.
ഇതില്‍ ഒരാള്‍ക്കാണ് കാര്‍ഡ് അനുവദിച്ചിരിക്കുന്നത്. തൊട്ടുപിന്നില്‍ മലപ്പുറം-56, കോട്ടയം-50. ആലപ്പുഴയില്‍ 24 പുരുഷന്മാരും നാലു സ്ത്രീകളും ഒരു ട്രാന്സ്ജെന്ററുമുള്പ്പെടെ 29 അപേക്ഷകര്‍. ഇതില്‍ ട്രാന്സ്ജെന്ററിനു മാത്രമാണ് കാര്‍ഡ് ലഭിച്ചിരിക്കുന്നത്.
കോട്ടയം, ഇടുക്കി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ആർക്കും കാര്‍ഡ് നല്കാന് കഴിഞ്ഞിട്ടില്ല. കോഴിക്കോട്ട് 22 അപേക്ഷകരില്‍ മൂന്നു പേര്‍ക്ക് കാര്‍ഡ് അനുവദിച്ചു. മൂവരും വനിതകളാണ്.
കൃഷിവകുപ്പിന്റെ കതിര് ആപ്പിലാണ് കാര്‍ഡിനു അപേക്ഷ നല്‍കേണ്ടത്. രണ്ടര സെന്റില്‍ മുതല്‍ കൃഷിയുള്ളവര്‍ക്കും പാട്ടക്കര്‍ഷകര്‍ക്കും കാര്‍ഡ് ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും അനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കാര്‍ഡ് ഉപകരിക്കും. കര്‍ഷകര്‍ക്കുള്ള ബോധവത്കരണം പൂര്‍ത്തിയാകുന്നതോടെ വരുംദിവസങ്ങളില്‍ അപേക്ഷകര്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.