കെൽട്രോൺ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃക: മുഖ്യമന്ത്രി
Wednesday, October 2, 2024 4:10 AM IST
കണ്ണൂർ: 1974ൽ ആരംഭിച്ച കെൽട്രോൺ രാജ്യത്താകമാനമുള്ള വിവര സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയിലെ ആദ്യത്തെ ഇലക്്ട്രോണിക്സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺതന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നത് എന്നത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. കേരളത്തിന് ഇതുപോലെ ഒട്ടേറെ പ്രത്യേകതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
42 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ കപ്പാസിറ്റർ നിർമാണ കേന്ദ്രം ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെൽട്രോൺ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർച്ചയിലേക്ക് നയിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ നാടിനെ ഇലക്്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതിന് നിലവിലുള്ള ഉത്പാദന ശേഷി വിപുലീകരിക്കുകയും ഉത്പാദന ഉപാധികൾ നവീകരിക്കുകയും വേണം. അതിനെല്ലാം സഹായകമാവും വിധത്തിൽ ആയിരം കോടിയുടെ അധിക നിക്ഷേപം ഇലക്ട്രോണിക്സ് മേഖലയിൽ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
കെസിസിഎൽ സൂപ്പർ കപ്പാസിറ്റർ നിർമാണ പ്ലാന്റിന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പ്ലാന്റിന്റെ പ്രവർത്തനം നോക്കിക്കണ്ടു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി പദ്ധതി വിശദീകരിച്ചു. മുൻ മന്ത്രി ഇ.പി. ജയരാജൻ വിശിഷ്ടാതിഥിയായി. എം. വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെസിസിഎൽ എംഡി കെ.ജി. കൃഷ്ണകുമാർ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, കെസിസിപിഎൽ ചെയർമാൻ ടി.വി. രാജേഷ്, സ്പാറ്റോ മേഖല സെക്രട്ടറി വിനോദൻ പൃത്തിയിൽ, കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ യൂണിറ്റ് സെക്രട്ടറി കെ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
സൂപ്പർ കപ്പാസിറ്ററുകൾ
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ആരംഭിക്കുന്ന പുതിയ പ്ലാന്റിൽ നിന്ന് ലോക നിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2,000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമിക്കാൻ പുതിയ പ്ലാന്റിനു സാധിക്കും.
ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും.
ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന ഇവ ഇലക്്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.
രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐഎസ്ആർഒ, ഡിആർഡിഒ, സിഎംഇടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐഎസ്ആർഒയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്നു കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർ കപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉത്പാദന ശേഷി. ഇതോടെ കെസിസിഎൽ ലോകനിലവാരമുള്ള ഇലക്്ട്രോണിക്സ് കോംപണന്റ്സ് ഉത്പാദകരിലൊന്നായി മാറി.സംഗിച്ചു.