ഡ്രൈവിംഗ് ലൈസൻസും ആർസിയും ഡിജിറ്റൽ മാത്രമാകുന്നു
Wednesday, October 2, 2024 1:51 AM IST
തിരുവനന്തപുരം: അച്ചടിച്ച ഡ്രൈവിംഗ് ലൈസൻസ് ഇനി ഉണ്ടാകില്ല. പിന്നാലെ അച്ചടിച്ച ആർസി ബുക്കും ഒഴിവാക്കും. ഡിജിറ്റൽ രേഖ മാത്രമാക്കാനാണു മോട്ടോർ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. അച്ചടിച്ച ഡ്രൈവിംഗ് ലൈസൻസ് ഉടൻ അവസാനിപ്പിക്കും.
അടുത്ത ഘട്ടമായാണ് ആർസി അച്ചടി ഒഴിവാക്കുന്നത്. ഇപ്പോൾ തന്നെ ഡ്രൈവിംഗ് ലൈസൻസും ആർസിയും ഡിജി ലോക്കറിൽ ലഭ്യമാണ്. എങ്കിലും ജനങ്ങൾ അച്ചടിച്ച ലൈസൻസും ആർസിയും ഒപ്പം കൊണ്ടുനടക്കാറുണ്ട്.
ഡിജിറ്റൽ രേഖ മാത്രമാക്കിയാൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കും. വാഹനപരിശോധന നടക്കുന്പോൾ ഡിജി ലോക്കറിലുള്ള ലൈസൻസ് കാണിച്ചാൽ മതിയാകും.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനു ക്യൂആർ കോഡ് സ്കാൻ ചെയ്ത് കാർഡിന്റെ ആധികാരികത മനസിലാക്കാനാകും. കാർഡ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തതാണെങ്കിലും അതു തിരിച്ചറിയാനാകും.
ഡിജിറ്റൽ കാർഡ് നടപ്പിലാകുന്പോഴും ആവശ്യമെങ്കിൽ പ്രിന്റ് ചെയ്ത് കോപ്പി സൂക്ഷിക്കാം. ഇങ്ങനെ ആവശ്യക്കാർക്ക് പ്രിന്റ് എടുത്തുകൊടുക്കാൻ അക്ഷയ കേന്ദ്രങ്ങൾക്കു സാധിക്കുമോ എന്നു പരിശോധിക്കുന്നുണ്ട്. ഇതുവരെ മൂന്നു സംസ്ഥാനങ്ങൾ മാത്രമാണ് പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസും ആർസിയും ഒഴിവാക്കിയിട്ടുള്ളത്.