ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി അതീവ ഗൗരവമെന്ന് അന്വേഷണ സംഘം
Friday, September 20, 2024 1:07 AM IST
തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ 20 ചലച്ചിത്ര പ്രവർത്തകരുടെ മൊഴി അതീവ ഗൗരവസ്വഭാവമുള്ളതാണെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, പ്രത്യേക അന്വേഷണ സംഘത്തലവനായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, ഡിഐജി അജിതാ ബീഗവും മറ്റ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.
ഗൗരവസ്വഭാവമുള്ള മൊഴികൾ നൽകിയ ചലച്ചിത്ര പ്രവർത്തകരായ വനിതകളെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് വിവരങ്ങൾ ചോദിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
നിയമനടപടികളുമായി മുന്നോട്ടു പോകാൻ താത്പര്യമുണ്ടെങ്കിൽ വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും സർക്കാരിന്റെ നിർദേശപ്രകാരവും കുറ്റക്കാർക്കെതിരേ പത്ത് ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
3800 ൽപരം പേജുകൾ അടങ്ങുന്നതാണ് ഹേമകമ്മിറ്റി റിപ്പോർട്ട്. ഇതിൽ പേരും മേൽവിലാസവും നൽകാതെ മൊഴി നൽകിയിട്ടുള്ളവർ ആരാണെന്ന് ഹേമക്കമ്മിറ്റി അംഗങ്ങളിൽ നിന്നും സാംസ്കാരിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെ ഹൈക്കോടതി നേരത്തേ നിശിതമായി വിമർശിച്ചിരുന്നു. നാലു വർഷം റിപ്പോർട്ട് കൈയിൽ വച്ചിട്ട് നടപടി സ്വീകരിക്കാത്ത സർക്കാർ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥമാണെന്ന് കോടതി വിമർശിച്ചിരുന്നു.
കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം അന്വേഷണസംഘത്തിന് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. അതേ സമയം ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആരോപണത്തിൽ അന്വേഷണം നടത്താനുള്ള പോലീസ് സംഘത്തിനെ തീരുമാനിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ല.
നിലവിൽ അന്വേഷണം നടത്തുന്നത് പുതുതായി ഉയർന്നു വന്ന പല ചലച്ചിത്ര പ്രവർത്തകരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് 23 കേസുകൾ വെളിപ്പെടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തത്.
ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത്, മുകേഷ്, സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, ബാബുരാജ് ഉൾപ്പെടെയുള്ളവർക്കെതിരേയാണ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.