ഉയരക്കാരൻ കമറുദീൻ ഇനി ഓർമ
Friday, September 20, 2024 1:07 AM IST
പാവറട്ടി: കേരളക്കരയിൽ ഉയരത്തിൽ മുമ്പനായ കമറുദ്ദീൻ ജീവിതം എത്തിപ്പിടിക്കാനാവാതെ വിടപറഞ്ഞു. പാവറട്ടി പണിക്കവീട്ടിൽ മുഹമ്മദിന്റെയും നഫീസയുടെയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ഏഴടി ഒരിഞ്ച് ഉയരമുള്ള കമറുദീൻ (61). കേരളത്തിലെ ഏറ്റവും ഉയരംകൂടിയ വ്യക്തിയായിരുന്നു തൃശൂർ പാവറട്ടി സ്വദേശി കമറുദീൻ. പനിമൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മലയാളസിനിമയിലും മറ്റു തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏഴോളം തമിഴ് സിനിമകളിലും, അനിൽ കപൂർ നായകനായ ‘രഖ്വാലെ’ എന്ന ഹിന്ദി ചിത്രത്തിലും, പതിനൊന്നു തെലുങ്കുസിനിമകളിലും അഭിനയിച്ചിട്ടുള്ള കമറുദീൻ മലയാളത്തിൽ ബ്രഹ്മരക്ഷസ്, റഹ്മാൻ നായകനായ ഒന്നാംപ്രതി ഒളിവിൽ, കിരാതം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. വിനയൻ സംവിധാനംചെയ്ത ‘അത്ഭുതദ്വീപ്’ ആണ് അവസാനം അഭിനയിച്ച മലയാളചിത്രം.
ഉയരത്തിൽ മുന്പനെങ്കിലും, നിത്യജീവിതത്തിൽ അനാരോഗ്യവും ശാരീരിക അവശതകളും സാമ്പത്തികപ്രശ്നങ്ങളും കമറുവിനെ വല്ലാതെ അലട്ടിയിരുന്നു. ഉയരക്കൂടുതലിനെ സമൂഹം അത്യത്ഭുതത്തോടെ നോക്കിക്കാണുമ്പോഴും, നിത്യരോഗങ്ങളുമായി മല്ലിട്ടു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിലും നെട്ടോട്ടത്തിലായിരുന്നു എന്നും കമറുദീൻ.
ശാരീരികപ്രശ്നങ്ങൾമൂലം കലാരംഗത്തുനിന്നും വിട്ടുനിന്ന ഈ സിനിമാതാരം ആരോഗ്യം അനുവദിക്കുന്ന സമയങ്ങളിൽ പാവറട്ടി തെരുവോരങ്ങളിൽ ലോട്ടറിക്കച്ചവടക്കാരനായും സെക്യൂരിറ്റിയായും തട്ടുകടക്കാരനായുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. മൃതദേഹം കബറടക്കി. ഭാര്യ: ലൈല. മക്കൾ: റഹിയാനത്ത്, റജീന.