വയനാട് ദുരിതബാധിതരുടെ 1.05 കോടി വായ്പ എഴുതിത്തള്ളി
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതമേഖലയിലെ ദുരന്തബാധിതരായ വായ്പക്കാരുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചതായി സംസ്ഥാന സഹകരണ കാർഷികഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജി മോഹൻ അറിയിച്ചു.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വായ്പയെടുത്ത 52 പേരുടെ 64 വായ്പകളാണ് എഴുതിത്തള്ളുന്നത്. 1,05,66,128 രൂപയുടെ വായ്പയാണ് ഒഴിവാക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈടായി നൽകിയ പ്രമാണങ്ങൾ വായ്പക്കാർക്കു തിരികെ നൽകും. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും വായ്പയെടുത്ത 52 പേരുടെ ജീവനോപാധികൾ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന നൽകി സുപ്രധാന തീരുമാനം സ്വീകരിച്ചത്.
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും എടുത്തിട്ടുള്ള വായ്പയാണിത്. 42 കാർഷിക വായ്പകളും 21 റൂറൽ ഹൗസിംഗ് വായ്പകളും ഒരു കാർഷികേതര വായ്പയും ഇതിൽ ഉൾപ്പെടുന്നു. രേഖകൾ തിരികെ നൽകുന്നതിനൊപ്പം ദുരന്ത ബാധിതർക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ സഹായം എന്ന നിലയിൽ ധനസഹായവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജി മോഹൻ പറഞ്ഞു.