ഓപ്പറേഷൻ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകൾ പിടിച്ചെടുത്തു
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ്. വളർത്തുമൃഗങ്ങൾക്ക് വെറ്ററിനറി ഡോക്്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഓപ്പറേഷൻ വെറ്റ്ബയോട്ടിക് എന്ന പേരിൽ പരിശോധനകൾ നടത്തി.
ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം മനുഷ്യശരീരത്തിലെത്തിയാൽ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിൽ ഉൾപ്പെടുന്ന വെറ്ററിനറി ആന്റിബയോട്ടിക് മരുന്നുകൾ ഫാമുകൾക്കും, ആനിമൽ ഫീഡ് വ്യാപാരികൾക്കും ഒരു മാനദണ്ഡവും പാലിക്കാതെ വിൽപ്പന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഓപ്പറേഷൻ വെറ്റ്ബയോട്ടിക് സംഘടിപ്പിച്ചത്.
ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സംസഥാനത്തുടനീളം പെറ്റ് ഷോപ്പുകളിലും വെറ്ററിനറി മരുന്നുകൾ വിൽപ്പന നടത്തുന്ന ഔഷധ വ്യാപാര സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
73 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ആനിമൽ/ ഫിഷ് ഫീഡുകളിൽ ചേർക്കുന്നതിനായി വിവിധ ഫാമുകളിലേക്ക് വിതരണം നടത്തുവാനായി വാങ്ങി സൂക്ഷിച്ചിട്ടുള്ള ആന്റിബയോട്ടിക്കുകളും, കോഴികളുടെയും മറ്റ് വളർത്തു മൃഗങ്ങളുടെയും പെട്ടെന്നുള്ള വളർച്ചയ്ക്കു വേണ്ടി നൽകുന്ന മരുന്ന് ശേഖരങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മതിയായ ഡ്രഗ്സ് ലൈസൻസുകൾ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത രണ്ട് സ്ഥാപനങ്ങൾക്കെതിരേ നിയമനടപടികൾ സ്വീകരിച്ചു. 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.