ബിഎ പാസാകാതെ എംഎയ്ക്ക് പ്രവേശനം; എസ്എഫ്ഐ നേതാവ് ആർഷോയ്ക്കെതിരേ പരാതി
Friday, September 13, 2024 2:27 AM IST
തിരുവനന്തപുരം: ബിഎ പാസാകാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എംഎ ക്ലാസിൽ പ്രവേശനം നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകി.
എംജി സർവകലാശാല അംഗീകരിച്ച റെഗുലേഷനു വിരുദ്ധമായി നിശ്ചിത ഹാജരോ ക്രെഡിറ്റോ ഇല്ലാതെ ആർഷോയ്ക്ക് പിജി സെമസ്റ്ററിൽ പ്രവേശനം നൽകിയ കോളജ് പ്രിൻസിപ്പലിനെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ആർഷോയെ കോളജ് റോളിൽനിന്നു നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഗവർണറെ കൂടാതെ എംജി സർവകലാശാലാ വിസി, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പു നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി.എം. ആർഷോയെയാണ് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം നൽകിയത്.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണമെന്നിരിക്കെ ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകി. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷ പോലും എഴുതാത്ത ആർഷോയെ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ഇന്റഗ്രേറ്റഡ് പിജിയിൽ പ്രവേശിപ്പിച്ചത്.
കേരള സർവകലാശാലയുടെ കീഴിലുള്ള കായംകുളം എംഎസ്എം കോളജിൽ ബികോം പാസാകാത്ത എസ്എഫ്ഐ പ്രവർത്തകനായ നിഖിൽ തോമസ് എംകോമിന് പ്രവേശനം നേടിയതിന് സമാനമായാണ് ആർഷോയുടെ എംഎ പ്രവേശനം.
കാലടി സംസ്കൃത സർവകലാശാലയിലും കഴിഞ്ഞ വർഷം ബിഎ പാസാകാത്ത ആറു വിദ്യാർഥികൾക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത് പരാതിയെത്തുടർന്നു റദ്ദാക്കിയിരുന്നു. ജൂണിന് മുൻപു എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന ആർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളജ് കൃത്യമായി നടത്തി.
തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസൾട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ വിദ്യാർഥികളെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശിപ്പിച്ചു. പരീക്ഷ എഴുതാൻ യോഗ്യതയില്ലാത്ത ആർഷോയെയും പിജി ക്ലാസിൽ പ്രവേശിപ്പിച്ചു.
ആർഷോയ്ക്ക് കയറ്റം നൽകുന്നതിനായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്നും പരാതിയിൽ പറയുന്നു.