അജിത്കുമാർ എന്തിനു പോയെന്നു മുഖ്യമന്ത്രി പറയണം: വി. മുരളീധരൻ
Tuesday, September 10, 2024 1:48 AM IST
തൃശൂർ: പൂരം കലക്കിയാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത് എന്നാരോപിക്കുന്ന പ്രതിപക്ഷനേതാവും കോണ്ഗ്രസ് പാർട്ടിയും യുഡിഎഫും മണ്ഡലത്തിലെ വോട്ടർമാരെ അവഹേളിക്കുകയാണെന്നു ബിജെപി നേതാവ് വി. മുരളീധരൻ. വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും തൃശൂർ ജനതയെ അവഹേളിച്ചു.
എഡിജിപി എം.ആർ. അജിത്കുമാറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ആർഎസ്എസ് നേതാക്കൾ ഉചിതമായ സമയത്തു മറുപടിപറയും. ബിജെപി നേതാക്കൾ മറുപടി പറയേണ്ടതില്ല. എം.ആർ. അജിത്കുമാർ എന്തിനാണു പോയതെന്നതിൽ മുഖ്യമന്ത്രിയാണ് ആദ്യം ഉത്തരം പറയേണ്ടത്. അദ്ദേഹം അയച്ച ദൂതനാണോ അജിത്കുമാർ എന്നും മുരളീധരൻ ചോദിച്ചു.
യുഡിഎഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ വടകരയിൽനിന്നു പേടിച്ചോടുകയായിരുന്നു. വി.എസ്. സുനിൽകുമാർ സ്വന്തം പഞ്ചായത്തിൽപോലും ലീഡ് ചെയ്തില്ല. 620 ഇടങ്ങളിൽ യുഡിഎഫ് മൂന്നാംസ്ഥാനത്തായി.
സിറ്റിംഗ് എംപിയായ ടി.എൻ. പ്രതാപനു കോണ്ഗ്രസ് സീറ്റ് കൊടുക്കാതിരുന്നതു തോൽവി ഉറപ്പിച്ചതിനാലാണ്. ഫലപ്രഖ്യാപനത്തിനുശേഷവും പ്രതാപനെതിരേ ശക്തമായ വികാരം ഉണ്ടായെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
2006ലെ പറവൂരിലെ പരിപാടിയിൽ ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്കു തെളിച്ചയാളാണ് വി.ഡി. സതീശൻ.
2013ൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും സതീശൻ പങ്കെടുത്തു. എന്നാൽ, സതീശന് ആർഎസ്എസ് നേതാക്കളെ മനസിലാക്കാൻ സാധിച്ചിട്ടില്ല.
മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള ആർഎസ്എസ് നേതാക്കൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാറില്ല. ആർഎസ്എസ് പ്രവർത്തകരുടെ വീട്ടിലാണു താമസിക്കാറെന്നും മുരളീധരൻ പറഞ്ഞു.