വിവാദ ഫോൺകോൾ: സുജിത് ദാസിന് സസ്പെന്ഷന്
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: പി.വി. അൻവറിന്റെ വിവാദ ഫോണ്കോളിൽ കുടങ്ങിയ മലപ്പുറം മുൻ എസ്പി സുജിത് ദാസ് തെറിച്ചു.
വിവാദ ഫോണ് സംഭാഷണത്തിലെ ചട്ടലംഘനം, ജില്ലാ പോലീസ് മേധാവിയുടെ ക്വാർട്ടേഴ്സിലെ മരംമുറി, കള്ളക്കടത്ത് സ്വർണം പൊട്ടിക്കൽ, കസ്റ്റഡി മരണം തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ രാത്രിയോടെ നിർദേശം നൽകിയത്. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കി.
വിവാദ ഫോണ് സംഭാഷണവുമായി ബന്ധപ്പെട്ടു ഗുരുതര ചട്ടലംഘനം നടത്തിയ എസ്പി സുജിത് ദാസിനെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നു സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയാണ് സസ്പെന്ഡ് ചെയ്യേണ്ടത്. ഇതേത്തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസിനെ ചുമതലയിൽനിന്ന് ഒഴിവാക്കിയിരുന്നു.
പി.വി. അൻവർ എംഎൽഎയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റണമെന്നും സംസ്ഥാന പോലീസ് മേധാവി ഷേയ്ക് ദർബേഷ് സാഹിബ് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അന്വേഷണം തുടങ്ങിയിട്ടും ക്രമസമാധാനപാലന ചുമതലയിൽ എഡിജിപി എം.ആർ. അജിത് കുമാർ തുടരുകയാണ്.
ഡിജിപിയുടെ മേൽനോട്ടത്തിൽ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി.വി. അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കുന്നത്. സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായുള്ള ബന്ധവും കസ്റ്റഡി മരണം അടക്കമുള്ള ചില ക്രിമിനൽ കേസുകളിലെ ബന്ധവും അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ സുജിത് ദാസിനൊപ്പം എഡിജിപി അജിത് കുമാറിന്റെ പങ്കും അന്വേഷിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ 60% വരെ അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചിരുന്നു. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന വെളിപ്പെടുത്തലുമുണ്ടായി. ഇതോടെയാണ് സർക്കാർ സുജിത്തിനെ പൂർണമായി കൈവിട്ടത്.
ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ ആരോപണങ്ങളിൽ കഴന്പുണ്ടോയെന്ന വസ്തുതാ പരിശോധനയാണു നടക്കുന്നത്. ഇതിനായി രഹസ്യാന്വേഷണം തുടങ്ങി. ഡിജിപി നിർദേശിക്കുന്ന കാര്യങ്ങളാണ് സംഘാംഗങ്ങൾ പരിശോധിക്കേണ്ടത്.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വസ്തുതാ പരിശോധനയ്ക്കു ശേഷം പി.വി. അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. ഡിജിപിയുടെ നിർദേശാനുസരണമാകും തുടർനടപടികൾ തീരുമാനിക്കുക.