ഭൂമി കൈമാറ്റത്തിൽ സുതാര്യത ഉറപ്പാക്കാൻ പോക്കുവരവ് ചട്ടത്തിൽ ഭേദഗതി വരുന്നു
Thursday, April 3, 2025 3:10 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഭൂമി കൈമാറ്റത്തിൽ കബളിപ്പിക്കൽ ഒഴിവാക്കി സുതാര്യത ഉറപ്പുവരുത്താൻ കേരള പോക്കുവരവു ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു. വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ എല്ലാ വിവരങ്ങളും അടങ്ങിയ ആദ്യ രൂപരേഖ (പ്രി- മ്യൂട്ടേഷൻ സ്കെച്ച്) സഹിതം വില്പനയ്ക്കു മുൻപ് വാങ്ങുന്ന വ്യക്തിക്കു നൽകണമെന്ന നിബന്ധന അടക്കമുള്ള ഭേദഗതികളാണു കൊണ്ടുവരുന്നത്.
1966 ലെ പോക്കുവരവു ചട്ടങ്ങളിൽ 29 ചട്ടങ്ങളാണു നിലവിലുള്ളത്. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ എല്ലാ വില്ലേജുകളിലെയും ഭൂമിയുടെ കൈമാറ്റത്തിനു മുൻപു പ്രി മ്യുട്ടേഷൻ സ്കെച്ചും തണ്ടപ്പേര് അക്കൗണ്ട് നന്പരും നിർബന്ധമാക്കിയാണ് 30-ാമതായി പുതിയ ചട്ടം രൂപവത്കരിക്കുക. റവന്യു വകുപ്പു തയാറാക്കിയ ചട്ട ഭേദഗതി നിയമവകുപ്പ് അംഗീകരിച്ചു. മന്ത്രിസഭയുടെ അനുമതികൂടി ലഭിക്കുന്നതോടെ പോക്കുവരവു ചട്ട ഭേദഗതി സംസ്ഥാനത്തു പ്രാബല്യത്തിൽ വരും.
സംസ്ഥാനത്തെ 1,666 വില്ലേജുകളിൽ 260 ഇടങ്ങളിലാണു ഡിജിറ്റൽ സർവേ നടപടി പൂർത്തിയാക്കിയത്. വൈകാതെ മറ്റു വില്ലേജുകളിലും ഡിജിറ്റൽ സർവേ നടപടി തുടങ്ങും. ഡിജിറ്റൽ സർവേ പൂർത്തിയായ ഇടങ്ങളിൽ ഭൂമിയുടെ വ്യക്തിഗത സ്കെച്ചുകൾ തയാറാക്കിയിട്ടുണ്ട്.
നിലവിലുള്ള ഭൂമി മുഴുവനായി വില്പന നടത്താൻ പുതിയ സ്കെച്ച് വേണ്ടിവരില്ല. എന്നാൽ, ഈ ഭൂമി മുറിച്ചുവിറ്റാൽ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകുന്ന മുറയ്ക്കു നാലു ദിവസത്തിനകം സർവേയർ പ്രി മ്യൂട്ടേഷൻ സ്കെച്ച് തയാറാക്കി നൽകണമെന്നാണു ചട്ടം. ഇതു സഹിതമാണു രജിസ്ട്രേഷൻ ഓഫീസിലെത്തേണ്ടത്.
കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ വിവരങ്ങൾ "എന്റെ ഭൂമി' പോർട്ടലിൽ ഉൾപ്പെടുത്തും. രജിസ്ട്രേഷൻ, സർവേ, റവന്യു വകുപ്പുകളുടെ നടപടിക്രമങ്ങൾ ഓണ്ലൈനായി പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. രജിസ്ട്രേഷൻ പൂർത്തിയായാൽ വസ്തു വാങ്ങിയവർ പോക്കുവരവിനും തണ്ടപ്പേരിനുമായി താലൂക്ക് ഓഫീസിൽ കയറിയിറങ്ങുന്നതും ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എന്നാൽ, ഇപ്പോൾത്തന്നെ ഭൂമിയുടെ സ്കെച്ചിനായി സർവേയർമാരുടെ പിന്നാലെ ജനം നടക്കേണ്ട സാഹചര്യമാണെന്ന മറുവാദവും ഉയരുന്നുണ്ട്. ഇനി പ്രി-മ്യൂട്ടേഷൻ സ്കെച്ചിനായി ജനങ്ങൾ സർവേയർമാരുടെ മുന്നിൽ കയറിയിറങ്ങി നടക്കേണ്ടിവന്നാൽ ഭൂമി കൈമാറ്റ നടപടികൾ വൈകാനും കൂടുതൽ അഴിമതിക്കും ഇടയാക്കുമെന്ന ആരോപണവുമുണ്ട്.