വ്യാജ ലഹരിക്കേസിൽ സർക്കാർ നഷ്ടപരിഹാരം നൽകണം; ഷീല സണ്ണിയുടെ ഹർജിയിൽ കോടതി വാദം കേൾക്കും
Thursday, April 3, 2025 2:06 AM IST
തൃശൂർ: വ്യാജലഹരിമരുന്നു കേസിൽ കുടുക്കി 72 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഹൈക്കോടതി വാദംകേൾക്കും.
പിടിച്ചതു മയക്കുമരുന്നല്ലെന്നു തിരിച്ചറിഞ്ഞിട്ടും വിവരം മറച്ചുവച്ച് 72 ദിവസം ജയിലിൽ പാർപ്പിച്ചതു കടുത്ത മനുഷ്യാവകാശലംഘനമാണെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നുമാണു ഷീലയുടെ ആവശ്യം. സാന്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാൻ വിദേശത്തേക്കു പോകാനിരിക്കെയാണ് ജയിലിൽ കഴിയേണ്ടിവന്നത്. ജീവിതം വഴിമുട്ടിയെന്നും റിട്ട് ഹർജിയിൽ പറയുന്നു.
സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല സണ്ണി നൽകിയ കേസിൽ ഡിവൈഎസ്പി വി.കെ. രാജുവിനാണ് അന്വേഷണച്ചുമതല. സുപ്രീം കോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്നു മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ഇപ്പോഴും ഒളിവിലാണ്.
ഷീലയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവിയ ജോസിന്റെ സുഹൃത്താണു നാരായണദാസ്. ലിവിയ ആവശ്യപ്പെട്ടതനുസരിച്ചു ഷീലയുടെ വാഹനത്തിൽ ലഹരിമരുന്നു വച്ചശേഷം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതു നാരായണദാസ് ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഗൂഢാലോചന സംബന്ധിച്ച പരാതിയിൽ ഷീലയുടെ മൊഴിയെടുത്തെങ്കിലും മകൻ സംഗീത് ഇനിയും ഹാജരായിട്ടില്ല. ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫ് ആണ്. ലിവിയ വിദേശത്തേക്കു കടന്നെന്നാണു സൂചന.
ഷീല സണ്ണിയെ കസ്റ്റഡിയിലെടുത്ത എക്സൈസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷീലയുടെ സ്കൂട്ടറിൽ ലഹരി ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചിട്ടാണ് എത്തിയതെന്നും ലഹരിപദാർഥത്തിന്റെ അളവ് കൂടുതലുണ്ടെന്നു ബോധ്യപ്പെട്ടപ്പോൾ മേലുദ്യോഗസ്ഥനെ വിവരമറിയിച്ചെന്നുമാണു മൊഴി.
എന്നാൽ, നാരായണദാസുമായി എക്സൈസ് ഉദ്യോഗസ്ഥനു ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നിരുന്നു. സംഭവദിവസം ഇവർ നേരിട്ടു കണ്ടതിനും ഇരുവരുടെയും ബാങ്ക് ഇടപാടുകൾ, ഫോണിന്റെ ടവർ ലൊക്കേഷനുകൾ എന്നിവയ്ക്കും തെളിവുകളുണ്ട്.
കഴിഞ്ഞവർഷം ഫെബ്രുവരി 27നായിരുന്നു ഷീലയുടെ അറസ്റ്റ്. പിടിച്ചെടുത്ത ലഹരിപദാർഥങ്ങൾ എക്സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽനിന്ന് തൃശൂർ സെഷൻസ് കോടതി വഴി ഏപ്രിൽ ഒന്നിനാണ് കാക്കനാട്ടെ ലാബിൽ ലഭിച്ചത്. മേയ് 12നു ലാബിൽനിന്ന് റിപ്പോർട്ട് ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസർക്കും സർക്കിൾ ഇൻസ്പെക്ടർക്കും അയച്ചിരുന്നു. ഒന്നരമാസത്തോളം ഇതു മൂടിവച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ വൻ വിവാദമായി.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സംഭവത്തിൽ വ്യക്തത വന്നത്. ലിവിയ ജോസ്, നാരായണദാസ് എന്നിവരെ പ്രതിചേർത്തു. ഷീല തന്നെ മനഃപൂർവം കുടുക്കിയതാണെന്നും, മാതാപിതാക്കളിൽനിന്ന് 10 ലക്ഷം ആവശ്യപ്പെട്ടത് എതിർത്തതിലുള്ള പകയാണു പിന്നിലെന്നുമാണു ലിവിയയുടെ ആരോപണം.
സാന്പത്തികതട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നാരായണദാസ്, 28 ലക്ഷത്തിന്റെ വഞ്ചനക്കേസിൽ പ്രതിയായിരിക്കെയാണു ഷീല സണ്ണിയുടെ കേസിലും പ്രതിചേർക്കപ്പെട്ടത്.