ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: പ്രതിക്ക് ഉപാധികളോടെ ജാമ്യം
Thursday, April 3, 2025 2:06 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും രണ്ടു പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസി(44)ന് ഉപാധികളോടെ ജാമ്യം.
കോട്ടയം ജില്ലാ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. സംസ്ഥാനത്തിനു പുറത്ത് പോകരുത്, ആഴ്ചയിൽ ഒരിക്കൽ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, പരാതിക്കാരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതിക്കു ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്കു കാരണമായതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
ഫെബ്രുവരി 28 നാണ് പാറോലിക്കൽ വടകര കുര്യാക്കോസിന്റെ മകളും പ്രതിയുടെ ഭാര്യയുമായ ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.
പ്രതിക്കെതിരേ ആത്മഹത്യപ്രേരണ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മാർച്ച് അഞ്ചിന് അറസ്റ്റിലായ പ്രതിക്ക് 28 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്.