ഹൈക്കോടതിവിധിയിൽ സന്തോഷമെന്നു വാളയാർ പെൺകുട്ടികളുടെ അമ്മ
Thursday, April 3, 2025 2:06 AM IST
പാലക്കാട്: വാളയാര്‍കേസില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിവിധിയില്‍ സന്തോഷമുണ്ടെന്നു മരിച്ച പെൺകുട്ടികളുടെ അമ്മ.
മക്കളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് താന്‍ സിബിഐയെ സമീപിച്ചത്. അതന്വേഷിക്കാതെ അച്ഛനമ്മമാരുടെ ജീവിതത്തെക്കുറിച്ചും സ്വഭാവ സര്ട്ടിഫിക്കറ്റിനെക്കുറിച്ചുമാണു സിബിഐ അന്വേഷിച്ചതെന്നും അവര്‍ പറഞ്ഞു.
മക്കളുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതുവരെ നിയമപോരാട്ടം തുടരും. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും അന്വേഷിക്കാതെ സിബിഐ മാതാപിതാക്കളുടെ ജീവിതമാണ് അന്വേഷിച്ചതെന്നും അമ്മ കുറ്റപ്പെടുത്തി.
അതേസമയം, കോടതിവിധി സിബിഐക്കേറ്റ തിരിച്ചടിയാണെന്നും കേസില്‍ യഥാര്‍ഥ അന്വേഷണം നടന്നാല്‍ വമ്പന്മാര് കുടുങ്ങുമെന്നും വാളയാര്‍ നീതിസമരസമിതി അഭിപ്രായപ്പെട്ടു.
മാതാപിതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവതരമാണെന്നു ഹൈക്കോടതിക്കു ബോധ്യമായതിനാലാണു മാതാപിതാക്കള്‍ സിബിഐ കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും അറസ്റ്റ് തുടങ്ങിയ നടപടികള്‍ പാടില്ലെന്നുമുള്ള ഹൈക്കോടതി ഇടക്കാലവിധിയുണ്ടായിട്ടുള്ളത്.