അതു സ്നേഹശാസനം!
Wednesday, April 2, 2025 1:09 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
1868 കാലഘട്ടത്തിൽ ചാവറയച്ചൻ ഇടവകക്കാർക്കു നൽകിയ "ചാവരുൾ'' അല്ലെങ്കിൽ "മരണശാസനം'' എന്ന കുടുംബചട്ടത്തിൽ നല്ല കുടുംബത്തെ സ്വർഗരാജ്യത്തിനു തുല്യമാണ്. യോഹന്നാന്റെ സുവിശേഷത്തിൽ മനോഹരമായ ഒരു വിടവാങ്ങൽ രംഗമുണ്ട്.
സ്നേഹത്തിനു വിശുദ്ധ ഭാഷ്യം നൽകുന്ന ഒരു "ചാവരുൾ'' നാമിവിടെ കാണുന്നു. "ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.''
രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെടുന്ന ഫ്രാൻസിസ് അസീസിയും ഒരു ചാവരുൾ നൽകുന്നുണ്ട്: "നിങ്ങൾ സഹോദര സ്നേഹത്തിലും വിനയത്തിലും വസിക്കണം.' ചാവറയച്ചന്റെ ചാവരുളിൽ ഒരു കുടുംബം ആചരിക്കേണ്ട കടമകളെല്ലാം വിവരിക്കുന്നു. താൻ മരിച്ചാലും ഈ കൈയെഴുത്ത് മരിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ടാണ് ചാവറയച്ചൻ "മരണശാസനം' നൽകുന്നത്.
അതിവേഗം ഈ ചാവരുൾ കേരള ക്രൈസ്തവരുടെ മാത്രമല്ല മറ്റു മതസ്ഥരുടെയും കുടുംബങ്ങളുടെയും പൊതുസ്വത്തായി മാറി. സുകൃത ജീവിതത്തിലേക്കുള്ള ഒരു വിളിയായി, ക്രിസ്തീയത നിറഞ്ഞ ആദർശഭദ്രമായ കുടുംബങ്ങളിലേക്കുള്ള വഴിയായി ഈ "കുടുംബചട്ടം' പ്രകീർത്തിക്കപ്പെട്ടു. "ഒരു നല്ല കുടുംബം സ്വർഗരാജ്യത്തിനു തുല്യമാകുന്നു.
ഒരു കുടുംബത്തിന്റെ ന്യായം ഇതാകുന്നു, ചോരയാലും സ്നേഹത്താലും തമ്മിൽത്തമ്മിൽ ബന്ധിക്കപ്പെട്ട പല ആളുകൾ കാരണവന്മാരുടെ നേരെ ആദരവും അനുസരണവും ഉള്ളവരായി ദൈവം തന്പുരാനോടും മനുഷ്യരോടും സമാധാനത്തിൽ നടക്കുകയും ഓരോരുത്തരുടെയും ജീവിതാന്തസ് എന്താണെങ്കിലും അതിനു തക്കതിൻവണ്ണം നിത്യരക്ഷയെ പ്രാപിക്കുന്നതിനു പ്രയത്നം ചെയ്തുകൊണ്ട് കൂട്ടമായി ജീവിക്കുകയും ചെയ്യുന്നതാകുന്നു.' ഇതാണ് ഒരു കുടുംബത്തിനു ചാവറയച്ചൻ നൽകുന്ന വ്യാഖ്യാനം.
സ്നേഹമുള്ള കുടുംബം
ഈ ലോകത്തിൽ ജീവിക്കുന്പോൾ ഓരോരോ ബുദ്ധിമുട്ടുകളും സഹനങ്ങളും സങ്കടങ്ങളും നമുക്കുണ്ടാകും. എന്നാൽ, ഇതിന്റെയെല്ലാം നടുവിൽ നമ്മുടെ കുടുംബം സ്നേഹമുള്ളതാണെങ്കിൽ നമുക്കു സമാധാനവും സന്തോഷവും ലഭിക്കും. കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചിരുന്നു പ്രാർഥിക്കുകയും ഒന്നിച്ചിരുന്നു സംസാരിക്കുകയും ഒന്നിച്ചിരുന്നു ഭക്ഷിക്കുകയും ചെയ്യുന്പോൾ മനസിൽ കെട്ടിനിൽക്കുന്ന സങ്കടങ്ങളും ദുഃഖങ്ങളും വേദനകളും അഴിഞ്ഞുപോകും. കാരണം, പരസ്പരം കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും മനസിലാക്കുകയും സഹായിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങളോടൊപ്പം ജീവിക്കുക എന്നതുതന്നെ വലിയ സന്തോഷത്തിനു വക നൽകും.
സ്നേഹത്തിൽ ഒരാൾ
നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹമായിരിപ്പിൻ എന്ന ഉപദേശത്തോടെയാണ് ചാവറയച്ചന്റെ ചാവരുൾ ആരംഭിക്കുന്നത്. യേശുവിന്റെ ചാവരുളിലും ഫ്രാൻസിസ് അസീസിയുടെ ചാവരുളിലും പ്രതിപാദിക്കുന്ന പരസ്പര സ്നേഹം തന്നെയാണ് ചാവറയച്ചനും ഓർമിപ്പിക്കുന്നത്. സ്നേഹം എന്നതിനു നിർവചനം എഴുതാനോ പറയാനോ അറിയാത്തവരുടെ ഹൃദയത്തിലും സ്നേഹമുണ്ട്. സ്നേഹത്തിൽ ഒരാളേയുള്ളൂ രണ്ടുപേർ ചേർന്ന ഒരാൾ. പലയാളുകൾ ചേർന്ന ഒരാൾ. ഒന്നിനോടൊന്നു ചേർന്നു വളരുകയും പെരുകുകയും വലുതാവുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ.
നീയും ഞാനും നമ്മളും. ഞാനും നീയും നമ്മളായി ആർക്കും വേർപ്പെടുത്താനാവാത്ത വിധം അവിഭാജ്യമായി മാറുന്ന കുടുംബം. ഒരു കുടുംബത്തിൽ ഒരാൾ എല്ലാവർക്കും എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും ജീവിക്കുന്ന ഒരു കൊച്ചു സ്വർഗം. അതാണ് ചാവറയച്ചന്റെ സ്വപ്നത്തിലെ സ്വർഗം.
(തുടരും).