കൊച്ചി വിമാനത്താവളത്തിൽനിന്ന് വിദേശ ആമകളെ പിടികൂടി
Thursday, April 3, 2025 2:06 AM IST
നെടുമ്പാശേരി: വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂർവ ഇനത്തിൽപ്പെട്ട ആമകളെയും മുയലിനെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. തായ് എയർവേസ് വിമാനത്തിൽ ബാങ്കോക്കിൽനിന്ന് എത്തിയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി കാർത്തിക് ചിന്നപ്പൻ (37) എന്ന യാത്രക്കാരനാണു പിടിയിലായത്.
ഇന്തോ- ചൈനീസ് ബോക്സ് ടർട്ടിൽ വിഭാഗത്തിൽപ്പെട്ട നാല് ആമകളെയാണു പിടികൂടിയത്.ഒരു സുമാത്രൻ മുയലിനെയും പിടികൂടിയിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തീവ്രമായി വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമകളാണു പിടിയിലായിട്ടുള്ളത്.
എന്ത് ആവശ്യത്തിനുവേണ്ടിയാണ് ഈ ജീവികളെ കടത്തിക്കൊണ്ടുവന്നതെന്നു വ്യക്തമായിട്ടില്ല. സ്കാനിംഗ് പരിശോധനയിൽ ബാഗേജിൽ ജീവനുള്ള വസ്തുക്കൾ ഉണ്ടെന്ന സംശയത്തെത്തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്. പിടിയിലായ യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി.