എടൂർ കാരാപറന്പിൽ കപ്പേള ആക്രമിച്ചു; കൽക്കുരിശ് തകർത്തു
Wednesday, April 2, 2025 1:09 AM IST
ഇരിട്ടി: എടൂർ കാരാപറന്പിൽ വിശുദ്ധ അന്തോണീസിന്റെ കപ്പേളയ്ക്കു നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കപ്പേളയുടെ മുന്നിലെ കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തു. കൽക്കുരിശിന്റെ ഭാഗങ്ങളും മെഴുകുതിരി സ്റ്റാൻഡും ഉൾപ്പെടെ റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിലാണു കണ്ടെത്തിയത്.
കുരിശ് പൂർണമായി തകർന്ന നിലയിലാണ്. ഇന്നലെ രാവിലെ ദിവ്യബലിക്ക് എത്തിയവരാണ് കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തനിലയിൽ കാണുന്നത്. ഉടൻതന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് ആക്രമണം നടന്നതെന്നാണു കരുതുന്നത്.
രാത്രി 11 വരെ കപ്പേളയ്ക്കു സമീപത്തെ വ്യാപാര സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നു. കട അടച്ചതിനുശേഷമാണ് സാമൂഹ്യവിരുദ്ധർ കപ്പേളയ്ക്കു നേരേ ആക്രമണം അഴിച്ചുവിട്ടതെന്നാണു നിഗമനം. വികാരി ഫാ. ആന്റണി അറക്കൽ നൽകിയ പരാതിയിൽ ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ടൗണിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ പ്രവർത്തിക്കാത്തതിനാൽ ആക്രമികളുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തുന്നത്.
വെള്ളരിവയൽ വ്യാകുല മാതാ ഇടവകയുടെ കീഴിലുള്ള കാരാപറമ്പിലെ കപ്പേളയ്ക്കു നേരേ മൂന്നാം തവണയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടാകുന്നത്. 2009ൽ കപ്പേളയിലെ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി ഉൾപ്പെടെ കവർന്നിരുന്നു.
40 ദിവസത്തിനുശേഷം കപ്പേളയ്ക്കു സമീപത്തെ കൃഷിയിടത്തിൽ ഒളിപ്പിച്ച രീതിയിലാണു തിരുവോസ്തി ഉൾപ്പെടെ കണ്ടെത്തിയത്. പിന്നീട് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്ന സംഭവവും ഉണ്ടായിരുന്നു.
രണ്ട് കവർച്ചാ കേസുകളിലെ പ്രതികളെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . 25 വർഷമായി എടൂർ-കീഴ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്ന കപ്പേളയ്ക്കു നേർക്കു നടന്ന ആക്രമണത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.