ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3,070 കൊലപാതകങ്ങൾ
Wednesday, April 2, 2025 1:09 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 3,070 കൊലപാതകങ്ങൾ നടന്നതായ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. കൊലപാതകങ്ങളിൽ പകുതിയോളമെങ്കിലും ലഹരി ഉപയോഗത്തെ തുടർന്നുള്ളതാണെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, കൊല നടന്നു ദിവസങ്ങൾ കഴിഞ്ഞു മാത്രം പ്രതികൾ അറസ്റ്റിലാകുന്നതിനാലാണ് മദ്യവും മയക്കു മരുന്നും അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കേസിൽ ഉൾപ്പെടാത്തതത്രേ.
ഔദ്യോഗിക കണക്ക് പ്രകാരം ഇത്രയും കൊലപാതകങ്ങളിൽ ലഹരി ഉപയോഗം മൂലം 52 എണ്ണം മാത്രം നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കോവിഡിനു ശേഷമാണ് ലഹരി ഉപയോഗിച്ച ശേഷമുള്ള അരുംകൊലകൾ കേരളത്തിൽ ഇത്രയധികം വ്യാപകമായതത്രേ.
2016 മേയ് മാസം മുതൽ 2025 മാർച്ച് 16 വരെയുള്ള കാലയളവിലാണ് കേരളത്തിൽ 3,070 കൊലപാതകങ്ങൾ നടന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച മറുപടിയിൽ പറയുന്നത്.
കേരളത്തിലെ വൻ നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ റൂറൽ പോലീസ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. ഇതിൽ തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിൽ മാത്രം 287 കൊലപാതകങ്ങൾ ഇക്കാലയളവിൽ നടന്നു. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ ഒൻപതു വർഷമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് പരിധിയിൽ നടക്കുന്നതെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ 131 കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാകെ 418 കൊലപാതകങ്ങൾ.
എറണാകുളം റൂറൽ പോലീസ് ജില്ലാ പരിധിയിൽ 219 കൊലപാതകങ്ങളും സിറ്റിയിൽ 130 എണ്ണവും അടക്കം 349 കൊലപാതകങ്ങളാണ് എറണാകുളം ജില്ലയിൽ നടന്നത്. കൊല്ലം റൂറലും കൊലപാതകങ്ങളുടെ കാര്യത്തിൽ മോശമല്ല. ഇവിടെ 190 കൊലപാതകങ്ങളാണ് നടന്നത്. കൊല്ലം സിറ്റിയിൽ 148 എണ്ണവും. കൊല്ലം ജില്ലയിലാകെ 338 കൊലപാതകങ്ങൾ. തൃശൂർ ജില്ലയിൽ 315 കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തു. തൃശൂർ സിറ്റിയിൽ 165, റൂറലിൽ 150.
ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങൾ, കുടുംബകലഹം, പ്രണയപ്പക, സാന്പത്തികതർക്കങ്ങൾ, രാഷ്ട്രീയ വിരോധം, മാനസികപ്രശ്നം, മുൻ വൈരാഗ്യം തുടങ്ങിയവയാണ് കൊലപാതകങ്ങളിലേക്കു നയിച്ച പ്രധാന കാരണങ്ങൾ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് 18 കൊലപാതകം നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇക്കാലയളവിലെ കൊലപാതക കേസുകളിലെ 78 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. കൊലപാതകങ്ങളിൽ ഉൾപ്പെട്ട 476 പ്രതികളെ ശിക്ഷിച്ചിരുന്നു. ഇവരിൽ 168 പേർക്ക് പലപ്പോഴായി വിവിധ ജയിലുകളിൽ നിന്ന് പരോളും നൽകി.
നേരത്തേ ടി.പി വധക്കേസ് പ്രതികൾക്ക് ആയിരത്തോളം ദിവസം പരോൾ നൽകിയതു വിവാദമായിരുന്നു. കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവു നൽകാനും രണ്ടു മാസം മുൻപു ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ കണക്കാണിത്.
മറ്റു ജില്ലകളിലെ കൊലപാതകങ്ങളുടെ എണ്ണം ചുവടെ:
പാലക്കാട്- 233, മലപ്പുറം-200, ഇടുക്കി-198, കോട്ടയം-180, ആലപ്പുഴ-180, കോഴിക്കോട്- 157, കണ്ണൂർ-152, പത്തനംതിട്ട-140, കാസർഗോഡ്-115, വയനാട്-90.