മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനം: കേരളത്തിനു ദേശീയ അവാർഡ്
Thursday, April 3, 2025 2:06 AM IST
തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരം കേരളത്തിന്. 2024 ഡിസംബർ ഏഴു മുതൽ 2025 മാർച്ച് ഏഴു വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകർമ പരിപാടിയിൽ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്കാരമാണു സംസ്ഥാനത്തിനു ലഭിച്ചത്.
ആകെ 87,330 പേർക്കാണു പരിശോധന നടത്തിയത്. അതിൽ 71,238 പേർക്കും ആധുനിക മോളിക്യൂലർ പരിശോധനായ സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധനകൾ നടത്താനായി. 18 ശതമാനം പേർക്കു മാത്രമാണു പഴയരീതിയിലുള്ള മൈക്രോസ്കോപ്പ് പരിശോധന നടത്തിയത്.
അതേസമയം സംസ്ഥാനത്തെ നാറ്റ് പരിശോധന ശരാശരി 82 ശതമാനമാണ്. മാത്രമല്ല 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടർചികിത്സ നൽകാനുമായി. ഇതിനുള്ള അംഗീകാരമായാണു കേരളത്തിനു ദേശീയ പുരസ്കാരം ലഭിച്ചത്.