‘എന്പുരാൻ’ കാണണം: കോണ്‍ഗ്രസുകാരോട് ദീപ ദാസ് മുന്‍ഷി
Thursday, April 3, 2025 2:06 AM IST
കൊച്ചി: ബിജെപിയോടുള്ള പ്രതിഷേധസൂചകമായി ‘എമ്പുരാന്’ സിനിമ കാണണമെന്നു കോണ്‍ഗ്രസ് നേതാക്കളോട് ആഹ്വാനം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി.
ഗുജറാത്തില്‍ എന്തു നടന്നു എന്നതാണ് സിനിമയില്‍ പറയുന്നത്. അതു പറയാനുള്ള ആവിഷ്കാരസ്വാതന്ത്ര്യം അതിന്റെ ശില്പികള്ക്കുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അവര്‍ പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ ഹിന്ദു രാജ്യം സൃഷ്ടിക്കുകയെന്ന ബിജെപിയുടെ അജൻഡയുടെ ഭാഗമാണ്. അതിനെതിരേ ശക്തമായ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. തുടര്‍നടപടികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് നല്ല മുഖങ്ങളുണ്ടെങ്കിലും ഗ്രൗണ്ടിലിറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ ചില പോരായ്മകളുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്തരത്തില്ക്കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.