വഖഫ് നിയമഭേദഗതി ബിൽ ഇന്നു പാർലമെന്റിൽ ; പ്രതീക്ഷയോടെ മുനന്പം
Wednesday, April 2, 2025 1:09 AM IST
കൊച്ചി: ഏറെ നാളത്തെ ചർച്ചകൾക്കും രാഷ്ട്രീയവിവാദങ്ങൾക്കുമൊടുവിൽ വഖഫ് നിയമഭേദഗതി ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്പോൾ, മുനന്പം തീരജനത പ്രതീക്ഷയിലാണ്.
നിലവിലെ വഖഫ് നിയമത്തിന്റെ ഇരകളാണു തങ്ങളെന്നു കരുതുന്ന അവർ, പാർലമെന്റിൽ ഭേദഗതി ബിൽ പാസാകുന്നതു ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾക്കു സഹായകമാകുമെന്നു കണക്കുകൂട്ടുന്നു.
അറുനൂറോളം കുടുംബങ്ങളുടെ കിടപ്പാടവും ഉപജീവനമാർഗങ്ങളും ഉൾപ്പെട്ട 404 ഏക്കർ ഭൂമി വഖഫാണെന്ന അവകാശവാദമാണു മുനന്പം നിവാസികൾക്കു തിരിച്ചടിയായത്. ഇവർ വിലകൊടുത്തു വാങ്ങുകയും വർഷങ്ങളോളം താമസിക്കുകയും ഉപയോഗിക്കുകയും ചെയ്ത ഭൂമിയിൽ 2019ലാണ് വഖഫ് അവകാശവാദം ഉയർന്നത്. നിലവിലുള്ള വഖഫ് നിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകളുടെ മറപിടിച്ചാണു തെറ്റായ അവകാശവാദമെന്നു മുനന്പം നിവാസികൾ ചൂണ്ടിക്കാട്ടുന്നു.
വഖഫ് അവകാശവാദം ഉയർന്ന ശേഷം ഇവിടത്തെ ഭൂവുടമകൾക്കു സ്ഥലത്തിന്റെ നികുതിയടയ്ക്കാനോ ക്രയവിക്രയം നടത്താനോ സാധിക്കുന്നില്ല. ഇതു പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുനന്പം ഭൂസംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹാര സമരം 171 ദിവസം പിന്നിടുന്പോഴാണു പാർലമെന്റിൽ നിയമഭേദഗതി അവതരിപ്പിക്കുന്നത്.
താത്കാലികമായ പരിഹാര നിർദേശങ്ങളല്ല, നിലവിലുള്ള വഖഫ് നിയമത്തിന്റെ കൃത്യമായ ഭേദഗതിയിലൂടെ തങ്ങളുടെ ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ ശാശ്വതമായി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യമെന്നു സമരസമിതി കൺവീനർ ബെന്നി ജോസഫ് ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ വഖഫ് നിയമഭേദഗതി അവതരിപ്പിക്കുന്ന ദിനം തങ്ങളെ സംബന്ധിച്ചു നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഭേദഗതി ബിൽ അവതരണത്തിലും ചർച്ചകളിലും കേരളത്തിലെ എംപിമാരുടെ നിലപാടുകളെയും ഇടപെടലുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് മുനന്പം നിവാസികൾ. തങ്ങൾക്ക് അനുകൂലമായി ജനപ്രതിനിധികൾ പാർലമെന്റിൽ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മുനന്പം ജനത.
ഭേദഗതിക്കു മുൻകാല പ്രാബല്യം പ്രധാനം
1995ലെ വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തും ചിലത് ഒഴിവാക്കിയും 44 ക്ലോസുകളോടെയാണു ബിൽ അവതരിപ്പിക്കുന്നത്. ഇതിൽ പത്താമത്തെ ഭേഗഗതി നിർദേശം മുനന്പത്തേതു പോലെയുള്ള ഭൂമി വിഷയങ്ങളെ ജനോന്മുഖമായി പരിഹരിക്കുന്നതിനുള്ള സാധ്യതയാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വഖഫ് അവകാശവാദം മൂലം പ്രതിസന്ധിയിലായ ജനങ്ങളുടെ ആവശ്യങ്ങൾക്കു മുൻകാല പ്രാബല്യത്തോടെ പരിഹാരമുണ്ടാക്കാനാകുന്ന ഭേഗദതി നിർദേശമാണിത്. നിയമഭേദഗതി സംബന്ധിച്ചു പഠിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിയും (ജെപിസി) സമാനമായ നിർദേശം മുന്നോട്ടുവച്ചിരുന്നു.